പരാതികള്‍ക്കും ആശങ്കകള്‍ക്കും ശാശ്വത പരിഹാരം ഉറപ്പ്: മന്ത്രി വീണാ ജോര്‍ജ്
1374490
Wednesday, November 29, 2023 8:25 AM IST
വേങ്ങര: ജനാധിപത്യ ചരിത്രത്തില്‍ ഒരു പുതിയ തുടക്കമാണ് നവകേരള സദസ് കുറിക്കുന്നതെന്നും പൊതുജനങ്ങളുടെ പരാതികള്‍ക്കും ആവലാതികള്‍ക്കും ശാശ്വതമായ പരിഹാരം ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വേങ്ങര നിയോജക മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇവിടെ ലഭിക്കുന്ന നിവേദനങ്ങളില്‍ ജില്ലാതലത്തില്‍ ഉണ്ടാകേണ്ട പരിഹാരമാണെങ്കില്‍ 15 ദിവസത്തിലും സംസ്ഥാനതലത്തില്‍ വേണ്ട തീരുമാനം ആണെങ്കില്‍ 45 ദിവസത്തില്‍ തീര്‍പ്പാക്കി ശാശ്വത പരിഹാരം ഉറപ്പാക്കും. സാധാരണക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂടുതലായി ആശ്രയിക്കുന്നു. ഹൃദ്രോഗമുള്ള കുഞ്ഞുങ്ങള്‍ക്കായി ഹൃദ്യം പദ്ധതി വഴി 6700 ലധികം കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കിയത്. 1578. കൂടാതെ, എസ്എംഎ പോലുള്ള അപൂര്‍വ രോഗങ്ങള്‍ക്കായി പ്രത്യേക ചികിത്സാ പദ്ധതികളും തുടങ്ങി. ആറു മാസത്തില്‍ കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കും. രണ്ടു ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണം കൂടി പൂര്‍ത്തിയായാല്‍ സമ്പൂര്‍ണമായും എല്ലാ ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളുള്ള ആദ്യ നിയോജക മണ്ഡലമാകും വേങ്ങര.
തീരദേശ, മലയോര ഹൈവേ, നാഷണല്‍ ഹൈവേ എന്നിവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. അതിദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുന്നതിനുള്ള പ്രവര്‍ത്തികള്‍ ഊര്‍ജിതമായി നടക്കുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി തുടര്‍ച്ചയായി 13 ഇനം അവശ്യസാധനങ്ങള്‍ ഒരേ നിരക്കില്‍ നല്‍കിവരുന്ന സംസ്ഥാനമാണ് കേരളം. നിരന്തരം ആശയവിനിമയത്തിലൂടെയും അഭിപ്രായ സ്വരൂപണത്തിലൂടെയും നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.