‘ദേശീയപാത: ഏറ്റവുമധികം തുക വിതരണം ചെയ്തത് മലപ്പുറത്ത്’
1374487
Wednesday, November 29, 2023 8:25 AM IST
കോട്ടക്കല്‍: ദേശീയപാത സ്ഥലമെടുപ്പില്‍ ഏറ്റവുമധികം തുക വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കോട്ടയ്ക്കല്‍ മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,30,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്നത്.
കാസര്‍കോഡ് മുതല്‍ പാറശാല വരെ ആറു മണിക്കൂറില്‍ എത്താന്‍ കഴിയുന്ന വിധത്തില്‍ റോഡ് വികസിക്കുകയാണ്. ദേശീയ പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വലിയ സമരങ്ങള്‍ മലപ്പുറം ജില്ലയില്‍ നടന്നു. ഏറ്റവും നല്ല സാമ്പത്തിക പാക്കേജ് നല്കിയപ്പോള് സ്ഥലമെടുപ്പ് അനായാസം പൂര്‍ത്തിയായി. ആറുവരിപ്പാത രണ്ടുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാകും. മലയോര ഹൈവേയും തീരദേശ ഹൈവേയും ജില്ലയിലൂടെ കടന്നുപോകുന്നെന്നും മന്ത്രി പറഞ്ഞു.