നവകേരള സദസിന് ബദലായി ഉദ്ഘാടന മാമാങ്കങ്ങളൊരുക്കി ബ്ലോക്ക് പഞ്ചായത്ത്
1374485
Wednesday, November 29, 2023 8:25 AM IST
എടക്കര: വഴിക്കടവ് മുണ്ടയില്‍ നടക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസിന് ബദലായി ഉദ്ഘാടന മാമാങ്കങ്ങള്‍ ഒരുക്കി യുഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്. രാഹുല്‍ ഗാന്ധി എംപിയെ ഉദ്ഘാടകനാക്കിയാണ് നവകേരള സദസ് നടക്കുന്നതിന്റെ തലേന്ന് ചുങ്കത്തറയില്‍ ബ്ലോക്ക് പഞ്ചായത്ത് ബദലൊരുക്കിയിരിക്കുന്നത്.
നാളെയാണ് മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് മുണ്ടയില്‍ നടക്കുന്നത്. ഇന്നു ചുങ്കത്തറ എംപിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്നത്.
പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 കോടി രൂപ ചെലവില്‍ വിവിധ പഞ്ചായത്തുകളിലെ ആറു റോഡുകളുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനം, രാത്രികാല ഒ.പി ഉദ്ഘാടനം, ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഗര്‍ഭിണികളായ പട്ടികവര്‍ഗ സ്ത്രീകളെ പരിചരിക്കുന്ന സഖി, ആരുമില്ലാത്ത കിടപ്പിലായ രോഗികളെ പരിചരിക്കുന്ന സായൂജ്യം എന്നീ പദ്ധതികളുടെ ഉദ്ഘാടനവുമാണ് രാഹുല്‍ഗാന്ധി നിര്‍വഹിക്കുക.
ഉച്ചക്ക് മൂന്നരക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെയാണ് ചടങ്ങില്‍ അധ്യക്ഷനായി വച്ചിട്ടുള്ളത്. എന്നാല്‍ നവകേരള സദസിന്റെ തലേദിവസം നടക്കുന്ന ഈ പരിപാടിയില്‍ എംഎല്‍എ പങ്കെടുക്കുകയില്ലെന്നാണ് അറിയുന്നത്. മാത്രവുമല്ല രാഹുല്‍ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന റോഡുകള്‍ പി.വി. അന്‍വര്‍ എംഎല്‍എ ഇന്നലെ ഉദ്ഘാടനം നടത്തുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ഗാന്ധി വയനാട് എംപിയായ ശേഷം നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് കാര്യമായ വികസന പ്രവൃത്തികള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.
2019ലെ പ്രളയത്തില്‍ തകര്‍ന്ന പോത്തുകല്‍ പഞ്ചായത്തിലെ അമ്പിട്ടാംപൊട്ടി പാലം പുനര്‍നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന് അന്ന് എംപി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ഒടുവില്‍ സംസ്ഥാന സര്‍ക്കാരാണ് അമ്പിട്ടാംപൊട്ടി പാലത്തിന് ഫണ്ട് അനുവദിച്ചത്. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായ വികസിത് ഭാരത് സങ്കല്പ് യാത്ര കഴിഞ്ഞ ദിവസം വഴിക്കടവില്‍ ഉദ്ഘാടനം ചെയ്തിരുന്നു.
ജില്ലയിലെ പതിനഞ്ച് ബ്ലോക്കുകളിലെ 94 ഗ്രാമപഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കല്പ് യാത്രയും പര്യടനം നടത്തും. നവകേരള സദസിന് ബദല്‍ പരിപാടികളുമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ സജീവമായി രംഗത്തുണ്ട്.