വഴിക്കടവില്‍ ഒറ്റയാന് വ്യാപകമായി കൃഷി നശിപ്പിച്ചു
1374484
Wednesday, November 29, 2023 8:25 AM IST
എടക്കര: വഴിക്കടവ് നെല്ലിക്കുത്ത് വനാതിര്‍ത്തിയില്‍ ആനമറി പ്രദേശത്ത് ഒറ്റയാന് ഇറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കുളപ്പറ്റ കൃഷ്ണന്റെ കൃഷിയിടത്തിലെ വാഴ, കമുക് തുടങ്ങിയവയാണ് തിങ്കളാഴ്ച രാത്രിയോടെ എത്തിയ ഒറ്റയാന് നശിപ്പിച്ചത്.
ഏതാനും നാളുകളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. അടുത്തിടെ ഉള്ളാട്ടില്‍ മുഹമ്മദ്, പുളിക്കലകത്ത് റുഖിയ, ഈന്തന്‍കുഴിയന്‍ മുഹമ്മദാലി, പൂക്കാട്ടിരി ഉദയകുമാര്‍ എന്നിവരുടെ കൃഷിയിടത്തിലും ഒറ്റയാന് നാശം വിതച്ചിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നൂറുക്കണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്.
ഇവിടെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പലതവണകളായി ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. കാട്ടാനശല്യം ചെറുക്കാന്‍ നെല്ലിക്കുത്ത് വനം ഔട്ട്പോസ്റ്റ് മുതല്‍ ആനമറി വനം സ്റ്റേഷന് വരെയുള്ള ഭാഗത്തേക്ക് തൂക്ക് ഫെന്‍സിംഗ് പറഞ്ഞിരുന്നെങ്കിലും നടപടികളുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.