കാഴ്ച മറച്ച് പ്രചാരണ ബോര്‍ഡുകള്‍; യൂത്ത് ലീഗ് നിവേദനം നല്കി
1374483
Wednesday, November 29, 2023 8:25 AM IST
എടക്കര: ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി വാഹനങ്ങള്‍ക്ക് സിഗ്നല്‍ ബോര്‍ഡുകള്‍ പോലും കാണാത്ത വിധത്തില്‍ കെഎന്‍ജി റോഡില്‍ പൂച്ചകുത്ത് വളവില്‍ നവകേരള സദസിന്റെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരേ ചുങ്കത്തറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ടി. മുഹ്സിന് നിവേദനം നല്കി. ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം മാറ്റി സ്ഥാപിക്കണമെന്നാണാവശ്യം.
കരിമ്പുഴ മുതല്‍ മുട്ടിക്കടവ് വരെ വളരെ അപകടകരമായ രീതിയിലുള്ള വളവുകളും ഇറക്കങ്ങളുമാണുള്ളത്. ഇവിടെ നിരവധി ജീവനുകള്‍ പൊലിഞ്ഞതിന് ശേഷമാണ് ഹമ്പുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചത്.
റോഡരികില്‍ ബോര്‍ഡുകള്‍, ഫ്ളക്സുകള്‍ തുടങ്ങിയവ സ്ഥാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ വാഹന യാത്രക്കാര്‍ക്ക് സിഗ്നലുകള്‍ കാണാത്ത വിധത്തിലും ബുദ്ധിമുട്ടാകുന്ന തരത്തിലും സ്ഥാപിച്ച ബോര്‍ഡുകള്‍ എടുത്ത് മാറ്റുന്നതിന്
അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് നാഫ്സാദ് കുട്ടായി, ജനറല്‍ സെക്രട്ടറി അംജിത് ചീരക്കുഴി, ട്രഷറര്‍ ഷഫീഖ് പാറോളി, ശരീഫ് നാലകത്ത്, സംജാസ് ചുങ്കത്തറ എന്നിവര്‍ നേതൃത്വം നല്കി.