ഡോക്ടര്‍മാരുടെ പുനര്‍വിന്യാസം: പ്രതിഷേധം വ്യാപകം
1374121
Tuesday, November 28, 2023 2:15 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് 12 ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ച് ആരോഗ്യ വകുപ്പ് ഉത്തവിട്ടതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. ഹെല്‍ത്ത് സര്‍വീസിനു കീഴിലെ ഡോക്ടര്‍മാരെ അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം താലൂക്ക് ആശുപത്രികളിലേക്കാണ് നിയമിച്ചത്.
ശിശുരോഗവിഭാഗത്തില്‍ രണ്ട്, ഇഎന്‍ടി രണ്ട്, ഫിസിക്കല്‍ മെഡിസിന് രണ്ട്, ജനറല്‍ രണ്ട്, നെഞ്ചുരോഗ വിഭാഗം, ജനറല്‍ മെഡിസിന്, നേത്രരോഗം എന്നീ വിഭാഗങ്ങളില്‍ ഒന്നു വീതം ഡോക്ടര്‍മാരെയുമാണ് മാറ്റിയത്. അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് ആറും കൊണ്ടോട്ടി അഞ്ചും മലപ്പുറത്തേക്ക് ഒരു ഡോക്ടറെയുമാണ് നിയമിച്ചത്.
പീഡിയാട്രിക്, ഇഎന്‍ടി, പിഎംആര്‍, ജനറല്‍ മെഡിസിന്, നേത്രരോഗ വിഭാഗം, നെഞ്ചുരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലെ അസിസ്റ്റന്റ് സര്ജന്മാരായ ഡോക്ടര്‍മാരെയാണ് മുന്നറിയിപ്പില്ലാതെയും ബദല്‍ സംവിധാനമൊരുക്കാതെയും മറ്റു ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയത്.
അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാനെന്ന പേരിലാണ് ഡോക്ടര്‍മാരെ വിന്യസിച്ചത്.
മുന്നറിയിപ്പില്ലാതെ 12 ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതോടെ മഞ്ചേരി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം അവതാളത്തിലാകും. ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ 56 ഡോക്ടര്‍മാരാണ് മഞ്ചേരിയിലുള്ളത്. ബാക്കിയുള്ള 44 ഡോക്ടര്‍മാരെ ഉപയോഗിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് വിവരം.
ഡോക്ടര്‍മാര്‍ മാറിപ്പോകുന്നതോടെ രോഗപ്രതിരോധ കുത്തിവയ്പ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, ഇഎന്‍ടി വിഭാഗം ഓപറേഷന് തിയേറ്റര്‍, വാര്‍ഡുകളിലെ ഡോക്ടര്‍മാരുടെ സേവനം ഇതെല്ലാം തടസപ്പെടും.
അതേസമയം പീഡിയാട്രിക്, ഇഎന്‍ടി, പിഎംആര്‍, ജനറല്‍ മെഡിസിന്, ഒഫ്താല്‍മോളജി, നെഞ്ചുരോഗ വിഭാഗം എന്നീ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റുകളായ പന്ത്രണ്ട് ഡോക്ടര്‍മാരെ മുന്നറിയിപ്പോ ബദല്‍ സംവിധാനമോ ഇല്ലാതെ മറ്റു സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത് ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണെന്ന് കെജിഎംഒഎ വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നു കൂട്ട അവധിയെടുക്കും. ഇതോടനുബന്ധിച്ച് ഒ.പി. സേവനവും മറ്റു ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ നിന്നു ഗവണ്മെന്റ് ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നും കണ്‍വീനര്‍ ഡോ. പി. ഷഫീദ്, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എ.കെ. റഊഫ് എന്നിവര്‍ അറിയിച്ചു.