നിലമ്പൂര്‍ ബിഡിഒയെ ഉപരോധിച്ചു
1374116
Tuesday, November 28, 2023 2:15 AM IST
നിലമ്പൂര്‍: വഴിക്കടവ് പഞ്ചായത്തിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അനുമതി വൈകിക്കുന്നെന്ന് ആരോപിച്ച് നിലമ്പൂര്‍ ബിഡിഒയെ ഉപരോധിച്ചു. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ്, ഉപാധ്യക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. തൊഴിലാളികള്‍ ജോലിക്കിറങ്ങിയാല്‍ നവകേരള സദസിന് ആളുകള്‍ കുറയുമെന്ന് പേടിച്ചാണ് ഉദ്യോഗസ്ഥ നടപടിയെന്നാണ് ആരോപണം.
എടക്കര മുണ്ടയില്‍ 30 ന് നടത്തുന്ന നവ കേരളസദസിന്റെ മുഖ്യസംഘാടകരിലൊരാള്‍ കൂടിയാണ് ബിഡിഒ. പഞ്ചായത്തിലെ ഒമ്പത് വാര്‍ഡുകളില്‍ 12 പ്രവൃത്തികളുടെ തൊഴില്‍ ദിനങ്ങളുടെ എണ്ണം ഉള്‍പ്പെടെ അടങ്കല്‍ ബിഡിഒയ്ക്ക് നല്‍കിയതാണെന്ന് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി പറഞ്ഞു. പ്രവൃത്തി തുടങ്ങുന്നതിന് സാധാരണ നാല്, അഞ്ച് ദിവസം കൊണ്ട്അനുമതി നല്‍കാറുണ്ട്.
പ്രാക്തന ഗോത്രങ്ങളായ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ വിഭാഗങ്ങളുടെ പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനിയിലെ പ്രവൃത്തികളും കൂട്ടത്തിലുണ്ട്. അനുമതി വൈകുന്നത് മൂലം ആദിവാസികള്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിലെത്തി. തുടര്‍ന്ന് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, വൈസ് പ്രസിഡന്റ് റെജി ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ ഹഫ്സത്ത് പുളിക്കല്‍, ജയമോള്‍, ബ്ലോക്ക് അംഗം ബാബു ഏലക്കാടന് എന്നിവരുടെ നേതൃത്വത്തില്‍ ബ്ലോക്ക് ഓഫിസില്‍ ബി.ഡി.ഒ. യുടെ മുറിയിലെത്തി പ്രതിഷേധിച്ചു.
നവകേരള സദസ് വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണം. പരിപാടി കാണാന്‍ എല്ലാവര്ക്കും അവസരമൊരുക്കണമെന്ന് ബിഡിഒ പറഞ്ഞു. 100 തൊഴില്‍ ദിനങ്ങള്‍ തികയ്ക്കാന്‍ രണ്ട്, മൂന്ന് ദിവസം മാത്രം വേണ്ടവര്‍ തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. അനുമതി വൈകിയാല്‍ ഹാജര്‍ മുടങ്ങും.
100 തൊഴില്‍ ദിനം തികച്ചവര്ക്കുള്ള കേന്ദ്ര ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി.അനുമതി നല്‍കിയില്ലെങ്കില്‍ അടുത്ത ദിവസം തൊഴിലാളി സമരം നേരിടേണ്ടിവരുമെന്ന്മുന്നറിയിപ്പ് നല്കി.
ഒടുവില്‍ വൈകിട്ടോടെ അനുമതി നല്‍കുമെന്ന് ബിഡിഒ വ്യക്തമാക്കി. സമരത്തില്‍ സി.കെ. രാജന്, എം. കുഞ്ഞുട്ടി, ആലങ്ങാടന്‍ നാണി, റംലത്ത് നെയ്തക്കോടന്‍, എം.ടി. റഹിയാനത്ത്, സമദ് മേച്ചേരി എന്നിവരും പങ്കെടുത്തു. ഫോണ്‍ മുഖേന ലഭിച്ച പരാതി പരിശോധിക്കുന്നതിനാണ് അനുമതിക്ക് നേരിയ കാലതാമസം വന്നതെന്ന് ബി.ഡി.ഒ. എ.ജെ. സന്തോഷ് വിശദീകരിച്ചു.