സര്‍ക്കാര്‍ നടപ്പാക്കുന്നത് സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസനം: മുഖ്യമന്ത്രി
1374113
Tuesday, November 28, 2023 2:15 AM IST
പൊന്നാനി: സര്‍വതല സ്പര്‍ശിയായ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ടില്‍ നടന്ന പൊന്നാനി മണ്ഡല നവകേരള സദസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയും താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളജുകളില്‍ വരെ സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യം ഒരുക്കിയും വിപുലമായ അടിസ്ഥാന സൗകര്യമാണ് ആരോഗ്യ മേഖലയില്‍ നടപ്പാക്കിയത്.
കോവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ വൈഷമ്യം നേരിട്ടപ്പോള്‍ ഓക്സിജന്‍ ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ സജ്ജമായിരുന്നു. ഇത് ആര്‍ദ്ര മിഷന് ശാക്തീകരിച്ച് നേടിയെടുത്തതാണ്.
കോവിഡ് ബാധിതരെ മുഴുവന്‍ സൗജന്യമായി സംസ്ഥാനം ചികിത്സിച്ചു. കഴിഞ്ഞ ഏഴര വര്‍ഷക്കാലമായി 10 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളില്‍ വര്‍ധിച്ചു. പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യതയും വര്‍ഷംതോറും കൂടിവരുന്നു.
എല്ലാ മേഖലയിലും കേരളം മികവോടെ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. 57,000ത്തിലധികം കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. ഇത്തരത്തില്‍ പണം തടഞ്ഞുവച്ച് കേരളത്തെ പിറകോട്ടടിപ്പിക്കുന്ന സാഹചര്യത്തിലും കേരളം തളരാതെ മുന്നോട്ടു പോകുന്നതിന്റെ തെളിവാണ് നവകേരള സദസിന് ലഭിക്കുന്ന ബൃഹത്തായ ജനപിന്തുണയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ പി. നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ. രാധാകൃഷ്ണന്, പി. പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മറ്റ് മന്ത്രിമാര്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ചീഫ് സെക്രട്ടറി വി. വേണു തുടങ്ങിയവരും സംബന്ധിച്ചു. നോഡല്‍ ഓഫീസറും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായ പി.കെ. രഞ്ജിനി സ്വാഗതവും പൊന്നാനി തഹസില്‍ദാര്‍ കെ.ജി സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.