മങ്കടയില്‍ നവകേരള സദസിനു ഒരുക്കമായി
1373805
Monday, November 27, 2023 2:57 AM IST
മങ്കട: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മങ്കട മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 29ന് വൈകുന്നേരം 4.30 ന് മങ്കട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് സദസ് നടക്കുന്നത്.
പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ഉച്ചയ്ക്ക് 12 മുതല്‍ പരാതികള്‍ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങും. നവകേരള സദസ് നടക്കുന്ന ദിവസം നഗരത്തിലെ തിരക്ക് ഒഴിവാക്കാനായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മൂര്‍ക്കനാട് പഞ്ചായത്തില്‍ നിന്നു വരുന്നവര്‍ വളാഞ്ചേരി റോഡ് വഴി അങ്ങാടിപ്പുറത്തു നിന്നു തിരിഞ്ഞു മങ്കട പാലക്കത്തടത്ത് ആളെ ഇറക്കണം.
അങ്ങാടിപ്പുറം ഭാഗത്തു നിന്നുള്ളവര്‍ കോഴിക്കോട് റോഡ് വഴി വന്നു മങ്കട പാലക്ക ത്തടത്ത് ആളെ ഇറക്കണം. കുറുവയില്‍ വരുന്നവര്‍ പാലക്കാട് റോഡ് മാര്‍ഗം തിരൂര്‍ക്കാട് നിന്നു തിരിഞ്ഞ് ഡി സോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു സമീപത്തെ മൈതാനത്തു വാഹനം നിര്‍ത്തി ആളെ ഇറക്കണം. പുഴക്കാട്ടിരിയില്‍ നിന്നു വരുന്നവര്‍ തിരൂര്‍ക്കാട് നിന്നു തിരിഞ്ഞ് ഡി സോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു സമീപത്തെ പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം നിര്‍ത്തി ആളെ ഇറക്കണം. കൂട്ടിലങ്ങാടി ഭാഗത്തു നിന്നുള്ളവര്‍ മഞ്ചേരി റോഡ് വഴിയെത്തി മങ്കട ഐഎംഎസ് ഓഡിറ്റോറിയം പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി ആളെ ഇറക്കണം. മങ്കടയില്‍ നിന്നുള്ളവര്‍ ഐഎംഎസ് ഓഡിറ്റോറിയം പാര്‍ക്കിംഗില്‍ ആളെ ഇറക്കണം. മക്കരപറമ്പ് ഭാഗത്തു നിന്നുള്ളവര്‍ വടക്കാങ്ങര വഴി എത്തി ടി.ടി കോംപ്ലക്സില്‍ ആളെ ഇറക്കി വാഹനം ഓഡിറ്റോറിയം റോഡില്‍ പാര്‍ക്ക് ചെയ്യണം.
ചേരിയം അല്‍ അമീന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ നവകേരള സദസ് മങ്കട മണ്ഡലം നോഡല്‍ ഓഫീസറും ജില്ലാ സപ്ലൈ ഓഫീസറുമായ എന്‍. മിനി, സംഘാടക സമിതി ചെയര്മാന് ഡോ. കെ.കെ. ദാമോദരന്‍, സംഘാടകസമിതി വൈസ് ചെയര്മാന്മാരായ അഡ്വ. റഷീദ് അലി, മോഹനന് പുളിക്കല്‍, മീഡിയ ചെയര്മാന് ഗോപാലന് തുടങ്ങിയവര്‍ പങ്കെടുത്തു.