പെ​രി​ന്ത​ല്‍​മ​ണ്ണ: ജോ​ലി​ക്കി​ടെ സ്വ​കാ​ര്യ​ബ​സി​ല്‍ നി​ന്നു വീ​ണു മ​രി​ച്ച ക​ണ്ട​ക്ട​റു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ 73 ബ​സു​ക​ള്‍ സ​ഹാ​യ ഓ​ട്ടം ന​ട​ത്തി സ്വ​രൂ​പി​ച്ച​ത് 18,88,610 രൂ​പ. പെ​രി​ന്ത​ല്‍​മ​ണ്ണ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നു വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ ക​ഴി​ഞ്ഞ 23ന് ​ശേ​ഷം വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ഹാ​യ ഓ​ട്ടം ന​ട​ത്തി​യ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ണാ​ര്‍​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന പി​എം​എ​സ് ബ​സി​ലെ ക​ണ്ട​ക്ട​റാ​യി​രു​ന്ന നാ​ട്ടു​ക​ല്‍ സ്വ​ദേ​ശി മ​ല​പ്പു​റം ത​ല​യ​പ്പാ​ടി​യ​ന്‍ ഫൈ​സ​ല്‍ ബാ​ബു (38) ആ​ണ് ജോ​ലി​ക്കി​ടെ ബ​സി​ല്‍ നി​ന്നു റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 14 ന് ​രാ​വി​ലെ പെ​രി​ന്ത​ല്‍​മ​ണ്ണ മൂ​സ​ക്കു​ട്ടി സ്മാ​ര​ക ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് പോ​കു​മ്പോ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​ത്തി​ല്‍ പ​ട്ടാ​മ്പി റോ​ഡി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​റ്റേ​ന്ന് മ​ര​ണ​പ്പെ​ട്ടു. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​ള്ളതാണ് ഫൈ​സ​ല്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം.