നവകേരള സദസ്: എടക്കരയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
1373801
Monday, November 27, 2023 2:57 AM IST
എടക്കര: വഴിക്കടവ് മുണ്ടയില്‍ 30നു നടക്കുന്ന നിലമ്പൂര്‍ മണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് നിര്‍മിക്കുന്നത്. പരാതികള്‍ എഴുതി തയാറാക്കാന്‍ പ്രത്യേകം ഹെല്‍പ്പ് ഡെസ്ക്കുകളും പരാതികള്‍ സ്വീകരിക്കുന്നതിന് 20 കൗണ്ടറുകളുമുണ്ടാകും. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കും. രാവിലെ 11.30 മുതല്‍ തന്നെ പരാതികള്‍ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങും.
ഇന്നു വൈകിട്ട് 6.15ന് വീടുകളിലും പ്രധാന കേന്ദ്രങ്ങളിലും നവകേരള ജ്വാല തെളിയിക്കും. കനോലി പ്ലോട്ടില്‍ ഓപ്പണ്‍ കാന്‍വാസ് കാമ്പയിന്, ബൈക്ക് റാലി, നവകേരള സെല്‍ഫി, വിളംബരറാലി, മാരത്തണ്‍ എന്നിവയും തുടര്‍ ദിവസങ്ങളില്‍ നടക്കും. 30ന് രാവിലെ 11 മുതല്‍ പ്രാദേശിക സ്കൂള്‍ കോളജ്, വിദ്യാര്‍ഥികളുടെ പ്രോഗ്രാം സ്റ്റേജില്‍ ആരംഭിക്കും.
വേദിയില്‍ മെഗാഷോയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്മാന്മാരായ ഇ. പത്മാക്ഷന്, ടി. രവീന്ദ്രന്, നോഡല്‍ ഓഫീസര്‍ ഡോ. എം.സി. നിഷിത്, മീഡിയ സബ് കമ്മിറ്റി ചെയര്മാന് കക്കാടന്‍ റഹീം, വൈസ് ചെയര്മാന് വി.കെ. ഷാനവാസ്, സംഘാടക സമിതി ഭാരവാഹികളായ എം.ടി. അലി, പി.കെ. ജിഷ്ണു, അനീഷ് തടത്തില്‍ എന്നിവര്‍ പങ്കെടുത്തു.