നവകേരള സദസുകള്‍ നാളെ മുതല്‍ ജില്ലയില്‍
1373592
Sunday, November 26, 2023 7:51 AM IST
മലപ്പുറം: നവകേരള സദസുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ മലപ്പുറം ജില്ല ഒരുങ്ങി. 16 നിയോജകമണ്ഡലങ്ങളിലുമായി നവകേരള സദസ് ജില്ലയില്‍ നാളെ മുതല്‍ തുടക്കമാകും. 30 വരെ നാല് ദിവസങ്ങളിലായാണ് പരിപാടി. ഓരോ ദിവസവും നാല് മണ്ഡലങ്ങളില്‍ പര്യടനം നടത്തും. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ കേന്ദ്രമായുള്ള മൂന്നു പ്രഭാതസദസുകള് ഉള്‍പ്പെടെ ആകെ 19 പരിപാടികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ജനങ്ങളുമായി ആശയവിനിമയം നടത്തുക.
പ്രഭാതസദസുകളില് പ്രത്യേകം ക്ഷണിതാക്കള്‍ പങ്കെടുക്കും. നാളെ തിരൂര്‍ ബിയാന്‍കോ കാസിലില്‍ രാവിലെ ഒമ്പതിനു നടക്കുന്ന പ്രഭാത സദസോടെയാണ് മലപ്പുറം ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് അന്നേ ദിവസം രാവിലെ 11ന് പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ് നടക്കും. വൈകുന്നേരം മൂന്നിന് തവനൂര്‍ മണ്ഡലം സദസ് എടപ്പാള്‍ സഫാരി പാര്‍ക്കിലും 4.30 ന് തിരൂര്‍ മണ്ഡലം സദസ് ജിബിഎച്ച്എസ്എസ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് താനൂര്‍ മണ്ഡലം ജനസദസ് ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തിലും നടക്കും.
28ന് വള്ളിക്കുന്ന് മണ്ഡലം സദസ് രാവിലെ 11ന് കാലിക്കട്ട് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ് വൈകുന്നേരം 4.30ന് സബാഹ് സ്ക്വയറിലും കോട്ടക്കല്‍ മണ്ഡലം സദസ് വൈകുന്നേരം ആറിന് ആയുര്‍വേദ കോളജ് ഗ്രൗണ്ടിലുമായിരിക്കും.
29ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്ബൈന്‍ ഹോട്ടലില്‍ ഏഴുമണ്ഡലങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഭാത സദസ് നടക്കും. തുടര്‍ന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ് രാവിലെ 11ന് മേലങ്ങാടി ജിവിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടക്കും. മഞ്ചേരി മണ്ഡലം സദസ് വൈകുന്നേരം മൂന്നിന് ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും മങ്കട മണ്ഡലം സദസ് വൈകുന്നേരം 4.30ന് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും മലപ്പുറം മണ്ഡലം സദസ്് വൈകുന്നേരം ആറിന് എംഎസ്പി എല്‍പി സ്കൂള്‍ ഗ്രൗണ്ടിലും നടക്കും.
30ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ ശിഫ കണ്വന്ഷന് സെന്ററില്‍ നാല് മണ്ഡലങ്ങളുടെ പ്രഭാത സദസ് നടക്കും. തുടര്‍ന്ന് ഏറനാട് മണ്ഡലം നവകേരള സദസ്് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം മൂന്നിന് നിലമ്പൂര്‍ മണ്ഡലം സദസ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂര്‍ മണ്ഡലം സദസ് വൈകുന്നേരം 4.30ന് വിഎംസി ഹൈസ്കൂള്‍ ഗ്രൗണ്ടിലും പെരിന്തല്‍മണ്ണ മണ്ഡലം സദസ് വൈകുന്നേരം ആറിന് നെഹ്റു സ്റ്റേഡിയത്തിലും നടക്കും. പരിപാടികളില്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും പൗര പ്രമുഖരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.