ഭൂമി നാട്ടുകാരുടെ വക; എംപി ഫണ്ട് 30 ലക്ഷം, ആയുര്‍വേദ ആശുപതിയുടെ നിര്‍മാണം തുടങ്ങി
1373590
Sunday, November 26, 2023 7:51 AM IST
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ ഉദരംപൊയില്‍ നിവാസികളുടെ കൂട്ടായ്മയില്‍ ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിക്ക് കെട്ടിടം ഒരുങ്ങുന്നു. ആയുര്‍വേദ ആശുപത്രിക്കു ഒമ്പതു ലക്ഷം രൂപ സ്വരൂപിച്ച് ഉദിരംപൊയില്‍ സാംസ്കാരിക വേദി സ്വന്തമാക്കിയ ഒമ്പതര സെന്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കിയാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഉദരംപൊയിലില്‍ വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. നാലുവര്‍ഷം മുമ്പാണ് നാട്ടുകാര്‍ ചേര്‍ന്ന് ആയുര്‍വേദ ആശുപത്രിക്കായി സ്ഥലം സ്വന്തമാക്കിയത്.
പഞ്ചായത്തിന്റെ മറ്റു വാര്‍ഡുകളില്‍ സൗജന്യമായി സ്ഥലം ലഭ്യമായിട്ടും അതിനെ മറികടന്നാണ് ഉദരംപൊയിലുകാര് ലക്ഷ്യം നേടിയത്. ആശുപത്രി ഉദരംപൊയിലില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു ഉദേശ്യം. ആശുപത്രിക്കായി കെട്ടിട നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി കുറ്റിയടിക്കല്‍ നടത്തി. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചു. സ്ഥലം ലഭ്യമായതോടെ രാഹുല്‍ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ഈ ഫണ്ടുപയോഗിച്ച് ആറുമാസത്തിനുള്ളില്‍ കെട്ടിടം നിര്‍മിക്കാനാണ് അധികൃതര്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീകലാ ജനാര്ദ്ദനന്, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ റഫീഖ മറ്റത്തൂർ, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ അറക്കല്‍ സക്കീര്‍ ഹുസൈൻ, നീലാമ്പ്ര സിറാജുദ്ദീന്, റഷീദ വൈദ്യർ, പഞ്ചായത്തംഗം ചൂരപ്പിലാന്‍ ഷൗക്കത്ത്, മുന്‍ അംഗം എം.എ. ഹമീദ്, കെ. അബ്ദുള്‍ഗഫൂർ, പി.പി. അലവിക്കുട്ടി, വി. അന്‍ഷാബ്, തെന്നാടന്‍ നാസർ, എം. ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.