ഗാന്ധി സ്മരണയിൽ നാടെങ്ങും ശുചീകരണം നടത്തി
1340191
Wednesday, October 4, 2023 7:40 AM IST
മലപ്പുറം: ഗാന്ധിജയന്തിദിനം ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. ഗാന്ധിയെ സ്മരിച്ച് ഒട്ടേറെ പരിപാടികളാണ് വിവിധ സംഘടനകളും സർക്കാരിന്റെ നേതൃത്വത്തിലും സംഘടിപ്പിച്ചത്. മലപ്പുറത്തു സിവിൽ സ്റ്റേഷനിലെ ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അഷ്റഫ് ഫൈസി, റാം മോഹൻ, ജാക്സണ് എന്നിവർ സർവമത പ്രാർഥന ചൊല്ലി. എഡിഎം എൻ.എം മെഹറലി അധ്യക്ഷത വഹിച്ചു. ഹരിദാസൻ, ജോസ് എബ്രഹാം, തങ്കപ്പൻ, അസ്മ, പി.എം. മോഹൻ, പി.വി. കൃഷ്ണകുമാർ, എം. മുകുന്ദൻ, ഗാന്ധിദർശൻ സമിതി ജില്ലാ കണ്വീനർ പി.കെ. നാരായണൻ, ട്രഷറർ സി.എ. റസാഖ് എന്നിവർ പ്രസംഗിച്ചു. എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി വോളണ്ടിയർമാർ പങ്കെടുത്തു.
മലപ്പുറം: മഹാത്മാഗാന്ധി അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രം പുതുതലമുറക്ക് പകർന്നു നൽകണമെന്ന് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്തു എ.പി അനിൽകുമാർ എംഎൽഎ പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.
വി.ബാബുരാജ്, വി.എസ്.എൻ നന്പൂതിരി, ഡിസിസി ഭാരവാഹികളായ പി.പി ഹംസ, പി.സി വേലായുധൻകുട്ടി, അസീസ് ചീരാൻതൊടി, ബ്ലോക്ക് പ്രസിഡന്റുമാരായ ഇസ്ഹാക്ക് മലപ്പുറം, അഹമ്മദ് കബീർ കൊണ്ടോട്ടി, അജ്മൽ ആനത്താൻ, നൗഷാദ് തിരുനാവായ, പ്രവാസി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി തുടങ്ങിയവർ പ്രസംഗിച്ചു.
എടക്കര: നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ മഹാത്മാഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ സജ്ന അബ്ദുറഹ്മാൻ, റഷീദ് വാളപ്ര, സൂസമ്മ മത്തായി, ജെപിസി വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ. സുരേഷ്, സീനത്ത് നൗഷാദ്, സഹിൽ അകന്പാടം, മറിയാമ്മ ജോർജ്, ബിഡിഒ എ.ജെ. സന്തോഷ്, ഹെഡ് ക്ലാർക്ക് ഹരീഷ് എന്നിവർ പ്രസംഗിച്ചു. ശുചീകരണ പ്രവൃത്തികളും നടത്തി.
നിലന്പൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഹോസ്റ്റൽ കെട്ടിടവും പരിസരവും ശുചീകരിച്ച് നിലന്പൂർ ഷെൽട്ടർ ഹോസ്റ്റൽ വിദ്യാർഥികൾ സേവനദിനം ആചരിച്ചു. ഹോസ്റ്റൽ പരിസരത്തെ പുല്ല് പറിച്ച് ശുചീകരിക്കുകയും ഹോസ്റ്റൽ കെട്ടിടത്തിന്റെ ചുമരുകൾ പെയിന്റ് ചെയ്തു വൃത്തിയാക്കുകയും ചെയ്തു. ക്ലീനാക്കാം, കളറാക്കാം എന്ന പേരിൽ സംഘടിപ്പിച്ച സേവനദിന പരിപാടി നിലന്പൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു.
നിലന്പൂർ ബിപിസി എം. മനോജ്കുമാർ സന്ദേശം നൽകി. ബിആർസി ട്രെയിനർ എം.പി. ഷീജ, ഹോസ്റ്റൽ വാർഡൻ കെ.പി. പ്രശാന്ത്കുമാർ, ബിആർസി ജീവനക്കാരായ എ. ജയൻ, വി.ആർ. രാഹുൽ, വിവാസ് റോഷൻ, സുരേന്ദ്രൻ, ഷംഗീത് ഷാരിയാട്ടിൽ, വിദ്യാർഥികളായ സുകുമാരൻ, ഗണേഷ്, ദിനേശ്, നിഷാന്ത് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ ഉപന്യാസ മത്സരം, ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
എടക്കര: മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും ശുചീകരണ യജ്ഞവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസിലി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് നൗഫൽ, എസ്എംസി ചെയർമാൻ സമീർ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ മുഹമ്മദ് ബഷീർ, സമീറ, ശാന്തികൃഷ്ണ, ശിഹാബ്, അനുപേഷ്, ജിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ പരിസരവും സമീപത്തുള്ള ബസ് വെയിറ്റിംഗ് ഷെഡും വിദ്യാർഥികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
മഞ്ചേരി: "മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല ശുചീകരണ പ്രവർത്തനങ്ങൾക്ക് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ തുടക്കം. ജില്ലാ ശുചിത്വ മിഷന്റെയും മഞ്ചേരി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് മെഡിക്കൽ കോളജും പരിസരവും വൃത്തിയാക്കിയത്. മഞ്ചേരി ഗവണ്മെന്റ്ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ 100 എൻഎസ്എസ് വിദ്യാർഥികളുടെയും സഹകരണത്തോടെയാണിത്. ഇൻഫെക്ഷൻ കണ്ട്രോളിനെ പറ്റി വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസും നൽകി. കാന്പയിന്റെ ഭാഗമായി പൊതുജന ബോധവത്കരണാർഥം ബോർഡുകളും മറ്റും ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കും.