ആലിപ്പറന്പ് പഞ്ചായത്തിൽ ഫാഷൻ ഡിസൈനിംഗ് കോഴ്സിന് തുടക്കമായി
1340185
Wednesday, October 4, 2023 7:39 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎ നടപ്പാക്കുന്ന സുസ്ഥിര വികസന പദ്ധതിയായ "സമഗ്രം പെരിന്തൽമണ്ണ’യുടെ ആഭിമുഖ്യത്തിൽ ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിൽ ഫാഷൻ ഡിസൈനിംഗ് കോഴ്സിന് തുടക്കമായി. ഫാഷൻ ഡിസൈനിംഗ് മേഖലയിൽ മൂന്നു മാസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് സൗജന്യമായി നൽകുന്നത്.
ഏലംകുളം ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കിയ ആദ്യബാച്ച് പുറത്തിറങ്ങി. ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിലെ വട്ടപ്പറന്പ് അങ്കണവാടിയിലാണ് കോഴ്സ് ആരംഭിക്കുന്നത്. ഇവിടെ തെരഞ്ഞെടുക്കപ്പെടുന്ന 50 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങളും ഉറപ്പാക്കും.
ആലിപ്പറന്പ് പഞ്ചായത്തുതല കോഴ്സ് ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അയമു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മജീദ് മണലായ, ഗ്രാമപഞ്ചായത്തംഗം സി.ടി. നൗഷാദലി, പി.പി. മോഹൻദാസ് എന്ന അപ്പു, ബഷീർ ബാപ്പുട്ടി, പി.ടി. ഷബീറലി, നബീൽ വട്ടപ്പറന്പ്, എൻ.എം. ഫസൽ വാരിസ്, ലത്തീഫ് മാടാല, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വാഹിദ, സാബിർ കാളികാവ് എന്നിവർ പ്രസംഗിച്ചു.