സേവനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ വിദ്യാർഥികൾ ഹരിതകർമ സേനക്കൊപ്പം
1338612
Wednesday, September 27, 2023 1:21 AM IST
നിലന്പൂർ: ശുചീകരണത്തിലും മാലിന്യ സംസ്കരണത്തിലും സമൂഹത്തിനും പങ്കുണ്ടെന്ന സന്ദേശമുയർത്തി എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ചാലിയാർ പഞ്ചായത്ത് ഹരിത കർമ സേനക്കൊപ്പം കർമനിരതരായി.
ചാലിയാർ പഞ്ചായത്തിലെ മെറ്റീരിയൽ കളക്ഷൻ സെന്ററിൽ എത്തിയാണ് വിദ്യാർഥികൾ മാലിന്യം വേർതിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ വീടുകളിൽ നിന്നു ഹരിത കർമ സേനയ്ക്ക് നൽകുന്നത് മൂലം മാലിന്യം പിന്നീട് തരം തിരിക്കുന്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ കുട്ടികൾ നേരിട്ടു മനസിലാക്കി.
ശുചിത്വം കാത്തുസൂക്ഷിക്കേണ്ടത് ശുചിത്വത്തിൽ ഏർപ്പെട്ടിട്ടുള്ള തൊഴിലാളികളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും പകരം മാലിന്യ നിർമാർജനം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മനസിലാക്കികൊണ്ടാണ് വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.
കുറഞ്ഞ വേതനത്തിൽ നിസ്വാർഥ സേവനം ചെയ്യുന്ന തൊഴിലാളികളുടെ സ്ഥാനം പിറകിലാണെന്ന സമൂഹത്തിൽ രൂപപ്പെട്ട പൊതുചിന്താഗതി തിരുത്തുന്നതിനും കൂടിയാണ് വിദ്യാർഥികൾ ഈ ഉദ്യമം ഏറ്റെടുത്തത്.
പരിപാടി ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷറഫുദീൻ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ ബീന നടുവന്താണി, എസ്എംസി ചെയർമാൻ സൂര്യപ്രകാശ്, എംടിഎ അധ്യക്ഷ ബീന പി. കുമാർ, ജോയിന്റ് ബിഡിഒ സതീഷ്, പ്രോഗ്രാം ഓഫീസർ നൗഷാദലി, വോളണ്ടിയർമാരായ ഫഹീം, തമന്ന, ഷഫ്ന, വിപിൻ എബ്രഹാം, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.