അയ്യപ്പൻകാവ് ക്ഷേത്രത്തിൽ കവർച്ച; ഭണ്ഡാരങ്ങൾ തകർത്തു
1338342
Tuesday, September 26, 2023 12:27 AM IST
കരുവാരകുണ്ട്: കരുവാരക്കുണ്ട് അയ്യപ്പൻകാവ് നീലാങ്കുറുശി അയ്യപ്പക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടാവ് കൊണ്ടുപോയതായി ക്ഷേത്രം ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തെ തുടർന്ന് മലപ്പുറത്ത് നിന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മുഖം മൂടിധാരിയായ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് നീലാങ്കുറുശി അയ്യപ്പക്ഷേത്രത്തിനുളളിൽ മോഷ്ടാവ് എത്തിയത്. ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്.
ശ്രീകോവിലിനുള്ളിലെ ഭണ്ഡാരം തകർത്ത് അതിലെ പണം കവർന്നു. 20000 രൂപയോളം ഈ ഭണ്ഡാരത്തിൽ ഉണ്ടായിരുന്നുവെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. ഇതിന് പുറമെ ശ്രീകോവിലിനു പുറത്തെ ഭണ്ഡാരത്തിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലെ സിസിടിവി കാമറ നശിപ്പിക്കുകയും ക്ഷേത്രാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കത്തിയും കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്. കരുവാരക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു മാസം മുന്പും ക്ഷേത്രത്തിലെ ഭണ്ഡാരം തകർക്കാൻ ശ്രമിച്ചതായും ഭാരവാഹികൾ പറഞ്ഞു.