"ഖസാക്കിന്റെ ഇതിഹാസം’ ദൃശ്യാവിഷ്കാരത്തിൽ അവതരിപ്പിക്കും
1338165
Monday, September 25, 2023 1:48 AM IST
പെരിന്തൽമണ്ണ: മലയാള സാഹിത്യലോകത്തിൽ പുത്തൻ ഭാവഭേദങ്ങൾക്ക് തിരികൊളുത്തിയ ഒ.വി. വിജയന്റെ ഐതിഹാസിക നോവൽ "ഖസാക്കിന്റെ ഇതിഹാസം’ ദൃശ്യാവിഷ്കാരത്തിൽ പെരിന്തൽമണ്ണയിൽ ഒരുക്കുന്നു. പെരിന്തൽമണ്ണയിലെ പാലിയേറ്റീവ് കെയറിനും പ്രവർത്തനങ്ങൾക്കും ധനശേഖരണാർഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദൃശ്യാവിഷ്കാരം വിജയിപ്പിക്കുന്നതിനായി കലാസാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത നഗരസഭ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ സി.കെ വത്സൻ, കെ.പി. രമണൻ, ഡോ. മുബാറക് സാനി, പി.ജി. സാഗരൻ, മേലാറ്റൂർ രവിവർമ, എം.കെ. ശ്രീധരൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നെച്ചിയിൽ മൻസൂർ എന്നിവർ പ്രസംഗിച്ചു.
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഈ നാടകം പ്രത്യേകമായ അരങ്ങും ഗാലറിയും ദീപ സംവിധാനങ്ങളുമെല്ലാമായി 60 ലേറെ കലാകാരൻമാർ പങ്കെടുക്കുന്നതാണ്.
നവംബർ 10, 11, 12 തിയതികളിലായി പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂർ കെഎംകെ സ്മാരക കലാ സമിതി, കെജിഎൻ ഡ്രാമ തിയേറ്റർ എന്നിവയാണ് പെരിന്തൽമണ്ണ നഗരസഭക്ക് വേണ്ടി നാടകം അവതരിപ്പിക്കുന്നത്.