കരുവാരകുണ്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളോട് അവഗണന ഇക്കോ വില്ലേജിന്റെ പ്രവർത്തനം നിലച്ചു
1338159
Monday, September 25, 2023 1:48 AM IST
കരുവാരകുണ്ട്: കരുവാരകുണ്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് അധികൃതരുടെ ഭാഗത്തുനിന്ന് അവഗണന. ഇതേ തുടർന്നു ചേറൂന്പ് ഇക്കോ ടൂറിസം വില്ലേജിന്റെ പ്രവർത്തനം നിലച്ചു. 2015-ൽ ടൂറിസം കേന്ദ്രങ്ങളാക്കി ഉയർത്തിയ കേരളാംകുണ്ട് വെള്ളച്ചാട്ടവും ചേറൂന്പ് ഇക്കോ ടൂറിസം വില്ലേജും ഇന്നു കടുത്ത അവഗണയാണ് നേരിടുന്നത്.
2015 സെപ്റ്റംബറിലാണ് കരുവാരകുണ്ടിലെ രണ്ടു പ്രധാനകേന്ദ്രങ്ങളായ കേരളാംകുണ്ട് വെള്ളച്ചാട്ടവും ചേറൂന്പ് ഇക്കോ ടൂറിസം വില്ലേജും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ ഭാഗമാക്കിയത്.
മികച്ച രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കിയതിലൂടെ ഇതര ജില്ലക്കാരായ നിരവധി സന്ദർശകരും ഇവിടേക്ക് എത്താറുണ്ടായിരുന്നു. എന്നാൽ ഇരു കേന്ദ്രങ്ങളും ഇന്നു നാശത്തിന്റെ വക്കിലാണ്. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ ആകർഷകമായ ഭാഗങ്ങൾ 2018 ലും 19ലും ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്നു.
പിന്നീടുള്ളത് ഉപയോഗപ്രദമാക്കിയെന്നു മാത്രം. അവിടത്തെ നിർമിതികളെല്ലാം അപകടാവസ്ഥയിലുമാണ്. തൂക്കുപാലം അടക്കമുള്ള നിർമാണ സാമഗ്രികളെല്ലാം തുരുന്പെടുത്ത് നാശം വന്നു കൊണ്ടിരിക്കുന്നു. സുരക്ഷാസംവിധാനത്തിന്റെ അഭാവത്തെത്തുടർന്ന് ഏതാനും വർഷം മുന്പ് കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ മുങ്ങി ഒരു സന്ദർശകൻ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
മേഘ സ്ഫോടനത്തിലും മറ്റും ശക്തമായ വെള്ളപാച്ചിലാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാൽ ഇവിടെ എത്തുന്ന സന്ദർശകരെ നിയന്ത്രിക്കാനും അപകടത്തെപ്പറ്റി ബോധവത്കരണം നടത്തുവാനും ജീവനക്കാരില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ചേറൂന്പ് ഇക്കോ ടൂറിസം വില്ലേജിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല.
പേരിന് ഭിന്നശേഷി സൗഹൃദ പാർക്കാണെങ്കിലും പഴയ റൈഡുകളും തൂക്കുപാലവുമൊക്കെയാണ് ഇപ്പോഴുമുള്ളത്. കുട്ടികളുടെ പാർക്ക് നശിപ്പിച്ച നിലയിലും. കൂടുതൽ ആളുകളെ ആകർഷിച്ചിരുന്ന ഇവിടുത്തെ ബോട്ട് സർവീസ് നിലച്ചിട്ട് അഞ്ചു വർഷം പിന്നിട്ടു.
ഒലിപ്പുഴയിൽ രൂപപ്പെട്ട മണൽതിട്ടകൾ ഒഴിവാക്കാനും അധികൃതർ തയാറാകുന്നില്ല. രാവുംപകലും സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയതായും പ്രദേശവാസികൾ പറയുന്നു.