ചാരായവുമായി ഒരാൾ അറസ്റ്റിൽ
1337953
Sunday, September 24, 2023 12:51 AM IST
എടക്കര: നാടൻ ചാരായവുമായി ഒരാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ചുങ്കത്തറ കട്ടിച്ചിറ ചെറൂത്ത് കൃഷ്ണൻ (57) ആണ് നാലര ലിറ്റർ നാടൻ ചാരായവുമായി പിടിയിലായത്. ചുങ്കത്തറ പ്രദേശങ്ങളിൽ ജീരകത്തിന്റെ സ്വാദുള്ള നാടൻ ചാരായം വ്യാപകമായി വിൽക്കപ്പെടുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വാറ്റുപകരണങ്ങൾ, ചാരായം നിറക്കുന്നതിനായി കരുതിയ അന്പതു കുപ്പികൾ എന്നിവയും ഇവിടെ നിന്നു കണ്ടെടുത്തു.
വീടിനു ചുറ്റും കുഴികളുണ്ടാക്കി ബാരലുകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. ഇയാൾ നിരവധി അബ്കാരി കേസുകളിലും വനം കേസുകളിലും പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് നിലന്പൂർ റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ മനോജ്കുമാർ, പ്രിവന്റീവ് ഓഫീസർ റെജി തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ആബിദ്, രാജേഷ്, സബിൻദാസ്, സോണിയ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ചാരായം പിടികൂടിയത്. നിലന്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.