നിലന്പൂർ റോഡ് വീതി കൂട്ടൽ: സ്ഥലം വിട്ടു നൽകുന്നവർക്ക് ഇളവുകൾ
1337952
Sunday, September 24, 2023 12:51 AM IST
മഞ്ചേരി: മഞ്ചേരി-നിലന്പൂർ റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ ജസീല ജംഗ്ഷൻ വരെ വീതികൂട്ടി നവീകരിക്കുന്നതിന് സ്ഥലം വിട്ടുനൽകുന്നവർക്ക് ശേഷിക്കുന്ന സ്ഥലത്ത് ഇളവുകൾ നൽകാൻ സ്പെഷൽ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ്.
നഗരസഭാധ്യക്ഷ ചെയർമാനായും ജില്ലാ ടൗണ്‍ പ്ലാനർ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, നഗരസഭ സെക്രട്ടറി എന്നിവർ അംഗങ്ങളുമായാണ് കമ്മിറ്റി. കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേർന്നു. നിലന്പൂർ റോഡിലെ ഇരുവശങ്ങളിലെയും ഭൂവുടമകളുടെ യോഗം വിളിക്കാൻ കമ്മിറ്റി തീരുമാനിച്ചു.
അഡ്വ.യു.എ. ലത്തീഫ് എംഎൽഎയുടെ നേതൃത്വത്തിൽ നേരത്തെ യോഗം വിളിച്ചിരുന്നു. റോഡിന്റെ സ്കെച്ച് തയാറാക്കാൻ നഗരസഭ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. അടുത്ത് തന്നെ സർവേ നടത്തി മാർക്ക് ചെയ്യുന്ന നടപടികൾ ആരംഭിക്കുമെന്ന് അഡ്വ.യു.എ. ലത്തീഫ് എംഎൽഎ, നഗരസഭ ചെയർപേഴ്സണ്‍ വി.എം. സുബൈദ എന്നിവർ അറിയിച്ചു. സ്ഥലം വിട്ടുനൽകാമെന്നു അറിയിച്ചവർക്ക് കെട്ടിട നിർമാണ ചട്ടം പ്രകാരം അനുവദനീയമായ ഇളവുകൾ നൽകും. സ്ഥലം വിട്ടു നൽകുന്നതിന് ആനുപാതികമായി ഇളവുകൾ നൽകുമെന്നു കമ്മിറ്റി അറിയിച്ചു.