നിലന്പൂരിൽ റോഡ് വികസനം തടസപ്പെടുത്താൻ ശ്രമമെന്ന് പി.വി. അൻവർ എംഎൽഎ
1337947
Sunday, September 24, 2023 12:49 AM IST
നിലന്പൂർ: നിലന്പൂർ ടൗണ്‍ റോഡ് വികസനം ചിലർ ബോധപൂർവം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പി.വി. അൻവർ എംഎൽഎ. പൊതുധാരണ പ്രകാരമാണ് റോഡ് വികസന നടപടികൾ ആരംഭിച്ചത്. എന്നാൽ രണ്ടാം ദിവസത്തിൽ തന്നെ പൂർണ സമ്മതം നൽകി നാടിന്റെ വികസനത്തിനൊപ്പം നിൽക്കുന്നവരിൽ ചിലരെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ചില പൊതുപ്രവർത്തകർ ശ്രമം നടത്തുന്നതായും എംഎൽഎ പറഞ്ഞു.
നിലന്പൂർ ടൗണിന്റെ സമഗ്ര വികസനം ആഗ്രഹിക്കാത്തവരും ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകരുതെന്നു ആഗ്രഹിക്കുന്നവരുമാണ് ഇതിനു പിന്നിൽ. കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തിയുടെ രണ്ടാം ദിവസം ചില കെട്ടിട ഉടമകൾ എതിർപ്പുമായി വന്ന സാഹചര്യത്തിലാണ് എംഎൽഎയുടെ മറുപടി.
എല്ലാവരുടെയും സഹകരണത്തോടെ നിലന്പൂർ ടൗണിന്റെ വികസനം യഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട ഉടമകളുടെ അസോസിയേഷനെതിരേ ഒരു വിഭാഗം കെട്ടിട ഉടമകൾ രംഗത്തുവന്നു. നിലവിലെ സെക്രട്ടറിക്ക് എതിരേ രൂക്ഷവിമർശനവും ഉണ്ടായിട്ടുണ്ട്. നിലവിലെ റോഡിന്റെ മധ്യഭാഗത്തു നിന്നു ഇരുവശത്തേക്കും ആറര മീറ്റർ വീതം റോഡ് വികസനത്തിന് എടുക്കാമെന്ന തീരുമാനത്തിനാണ് പിന്തുണ നൽകിയതെന്നു ഒരു വിഭാഗം കെട്ടിട ഉടമകൾ പറയുന്നു.
എന്നാൽ നിലവിലെ നടപ്പാതയിൽ നിന്നു ഒന്നര മീറ്റർ വീതം എടുക്കുന്പോൾ റോഡിന്റെ വീതി 16 മീറ്റർ വരെയാകും. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറും നഗരസഭയിലെ ചില ഭരണപക്ഷ കൗണ്‍സിലർമാരുമാണ് ധാരണക്ക് വിരുദ്ധ നീക്കത്തിന് കൊടി പിടിക്കുന്നതെന്നും കെട്ടിട ഉടമകളിൽ ചിലർ ആരോപിക്കുന്നു.
2022 ഫെബ്രുവരി 20 ന് പൊതുമരാമത്ത് എ.ഇ. 25 ഓളം പേർ റോഡ് കൈയേറിയിട്ടുണ്ടെന്ന് കാണിച്ച് നിലന്പൂർ വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഇപ്പോൾ കൈയേറ്റമില്ലെന്നാണ് എ.ഇ. പറയുന്നതെന്നും ഇവർ പറയുന്നു. ടൗണ്‍ വികസനം തുടക്കത്തിൽ തന്നെ കല്ലുകടി നേരിട്ട അവസ്ഥയിലാണ്.