നിലന്പൂർ നഗരവികസനം: കെട്ടിടങ്ങളും മതിലുകളും പൊളിച്ചു തുടങ്ങി
1337669
Saturday, September 23, 2023 12:57 AM IST
നിലന്പൂർ: നിലന്പൂർ ടൗണിന്റെ മുഖഛായ മാറും വിധമുള്ള റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങളും റോഡരികിലെ മതിലുകളും പൊളിക്കൽ തുടങ്ങി.
അന്തർസംസ്ഥാന പാതയായ കെഎൻജി റോഡിന്റെ നിലന്പൂർ ടൗണ്‍ ഭാഗത്തെ വീതി കുറവ് വലിയ ഗതാഗതക്കുരുക്കുകൾക്കു കാരണമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കാണാൻ പി.വി. അൻവർ എംഎൽഎ നേരിട്ടിറങ്ങുകയായിരുന്നു.
എംഎൽഎയുടെ സാന്നിധ്യത്തിലാണ് ഇന്നലെ രാവിലെ മുതൽ നഗരത്തിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയത്. ജ്യോതിപ്പടി മുതൽ ജനതപ്പടി വരെയുള്ള റോഡ് വികസനത്തിനു എംഎൽഎയുടെ ആവശ്യപ്രകാരം അഞ്ചു കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുവദിച്ചത്.
13 മീറ്റർ വീതിയിൽ റോഡ് യാഥാർഥ്യമാകുന്നതോടെ നിലന്പൂർ ടൗണിന്റെ മുഖഛായ മാറും. നഗരസഭാധ്യക്ഷൻ മട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, കൗണ്‍സിലർമാർ എന്നിവരും കെട്ടിടങ്ങളും മതിലും പൊളിക്കുന്നിടത്ത് എത്തിയിരുന്നു.