ആര്യാടൻ മുഹമ്മദ് അനുസ്മരണം; കണ്വൻഷൻ നടത്തി
1337668
Saturday, September 23, 2023 12:57 AM IST
നിലന്പൂർ: മലപ്പുറത്തു 25നും 27 ന് നിലന്പൂർ ചന്തക്കുന്നിലും നടത്തുന്ന ആര്യാടൻ മുഹമ്മദ് ഒന്നാം ചരമ വാർഷിക അനുസ്മരണ ഒരുക്കങ്ങളുടെ ഭാഗമായി നിലന്പൂരിൽ കോണ്‍ഗ്രസ് കണ്വൻഷൻ നടത്തി. ചരമ വാർഷിക ദിനമായ 25 ന് രാവിലെ 8.20 ന് നിലന്പൂർ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിൽ പുഷ്പാർച്ചന നടത്തും. ഉച്ചക്ക് ചോക്കാട് ശാന്തി സദനിലെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കും.
മൂന്ന് മണിക്ക് മലപ്പുറം ടൗണ്‍ ഹാളിൽ ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷനും ഡിസിസിയും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ അനുസ്മരണ സമ്മേളനത്തിൽ ഓരോ വാർഡിൽ നിന്നും പത്തിൽ കുറയാത്ത അംഗങ്ങളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
പെണ്‍കുട്ടികളുടെ മലപ്പുറം ജില്ലാ സബ് ജൂണിയർ ഫുട്ബോൾ താരം കെ. കെൻസ്, മാതാവ് സാജിദ എന്നിവരെ പട്ടരാക്ക വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടങ്ങിൽ അനുമോദിച്ചു. കണ്വൻഷൻ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ് അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് ഖജാൻജി ഡെയ്സി ചാക്കോ, മുനിസിപ്പൽ പ്രസിഡന്റ് സാലി ബിജു, വി.എ. ലത്തിഫ്, പി.ടി. ചെറിയാൻ, പട്ടിക്കാടൻ ഷാനവാസ്, എം.കെ. ബാലകൃഷ്ണൻ, പി.പി. നജീബ്, റസിയ അള്ളന്പാടം എന്നിവർ പ്രസംഗിച്ചു.