മലയോര മേഖലയിൽ മാരക ലഹരി വിൽപ്പനയും ഉപയോഗവും വർധിക്കുന്നതായി പരാതി
1337667
Saturday, September 23, 2023 12:57 AM IST
കരുവാരകുണ്ട്: മലയോര ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അതി മാരക ലഹരി ഉത്പ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും വർധിച്ചുവരുന്നതായി പരാതി. കഴിഞ്ഞ ദിവസം കരുവാരകുണ്ടിൽ എംഡിഎംഎമ്മിനു അടിമപ്പെട്ട ഒരു യുവാവ് ആത്മഹത്യ ചെയ്തതോടെയാണ് ലഹരി ഉപയോഗത്തിന്റെ അപകടം ജനങ്ങൾക്കിടെ ചർച്ചയായത്.
മലയോര പഞ്ചായത്തുകളിൽപ്പെട്ട കാളികാവ്, കരുവാരക്കുണ്ട്, ചോക്കാട്, എടപ്പറ്റ, തുവൂർ പ്രദേശങ്ങളിലാണ് ലഹരി ഉപയോഗവും വിൽപ്പനയും അധികരിച്ചുവരുന്നതെന്ന് കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തംഗം നുഹ്മാൻ കണ്ണത്ത് പറഞ്ഞു.
ലഹരി ഉപയോഗിക്കുന്ന യുവാക്കൾ അക്രമാസക്തമാകുന്നതായും നാട്ടുകാർക്കു പുറമേ കുടുംബാംഗങ്ങളിൽ വരെ അസ്വസ്ഥത സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ഗ്രാമിന് രണ്ടായിരം രൂപ വരെ വില നൽകിയാണ് ഉപഭോക്താക്കൾ എംഡിഎംഎ കൈവശപ്പെടുത്തുന്നത്.
പൊടിരൂപത്തിലാക്കി മൂക്കിലൂടെ വലിക്കുകയും വെള്ളത്തിൽ കലക്കി അകത്താക്കുകയുമാണ്
ഉപയോഗരീതി. ഒരു തവണ ഇത്തരം ലഹരിക്ക് അടിമപ്പെട്ടാൽ അതിൽ നിന്നു മോചനം ലഭിക്കാൻ പ്രയാസമാണ്. ഇതിനാവശ്യമായി വേണ്ടിവരുന്ന പണം കണ്ടെത്താൻ തുടക്കത്തിൽ വീടുകളിൽ നിന്നുമാണ് മോഷണം തുടങ്ങുന്നത്.
തുടർന്നു പിടിച്ചുപറിയും കവർച്ചയും സ്ഥിരമാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റും ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികൾ തമ്മിൽ സംഘട്ടനങ്ങളും നിത്യസംഭവമായി മാറി. എന്നാൽ മലയോരത്ത് ലഹരിവിൽപ്പനക്കാർ തഴച്ചുവളരാൻ കാരണം പോലീസിന്റെ ഭാഗത്തു നിന്നുമുള്ള വീഴ്ചയാണെന്നും ജനങ്ങൾ ആരോപിക്കുന്നു.