ഉദരംപൊയിലിന്റെ സ്നേഹ പ്രതീകം കുമാരേട്ടൻ യാത്രയായി
1337663
Saturday, September 23, 2023 12:57 AM IST
കാളികാവ്: മനുഷ്യബന്ധങ്ങൾ ജാതിയുടെയും മതത്തിന്റെയും പേരിൽ മതിലുകൾ കെട്ടി വിഭജിക്കുന്ന കാലത്ത് ഉദരംപൊയിലിൽ നിന്നു മനംകുളിർപ്പിക്കുന്ന സ്നേഹാനുഭവങ്ങൾ സമ്മാനിച്ച കുമാരേട്ടൻ ഇന്നലെ യാത്രയായി. ഉദരംപൊയിൽ ജുമാമസ്ജിദ് മുറ്റവും പരിസരവും ഉദരംപൊയിൽ അങ്ങാടിയും പതിവായി ശുചീകരിച്ചിരുന്ന കുമാരേട്ടന്റെ വിയോഗം നാടിന് കനത്ത നഷ്ടമായി.
കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. സമീപകാലം വരെ ഉദരംപൊയിലിലെ മനീരി കുമാരേട്ടന്റെ ഒരു ദിവസം തുടങ്ങിയിരുന്നത് മസ്ജിദ് പരിസരത്തെ ചപ്പുചവറുകൾ ശുചീകരിച്ച് കൊണ്ടായിരുന്നു.
മസ്ജിദിന്റെ വഴിയും പരിസരവും ശുചീകരിക്കാൻ ഇദ്ദേഹം ചൂലുമായി എത്തുന്നത് നാട്ടുകാർക്ക് പ്രഭാതത്തിലെ പതിവു കാഴ്ചയായിരുന്നു. അങ്ങാടിയും ബസ് വെയ്റ്റിംഗ് ഷെഡ് പരിസരങ്ങളുമെല്ലാം ശുചീകരിച്ച ശേഷമായിരുന്നു പ്രഭാത പ്രവൃത്തികൾ നിർത്തിയിരുന്നത്.
മദ്രസയിലും മസ്ജിദിലും നടക്കുന്ന നേർച്ചകളിലും മറ്റും പരിപാടികളിലും കുമാരേട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനും അനുശോചനം രേഖപ്പെടുത്താനും മസ്ജിദ് ഖാസി റബീഹ് ഫൈസിയുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ വീട്ടിലെത്തി.
പള്ളിമുറ്റവും പരിസരവും ശുചീകരിക്കുന്ന എണ്‍പത്തിരണ്ടുകാരനായ കുമാരന് ഉദരംപൊയിൽ മഹല്ല് കമ്മിറ്റി ആദരിക്കൽ ചടങ്ങ് തന്നെ നേരത്തേ സംഘടിപ്പിച്ചിരുന്നു. കാളപൂട്ട്, ഫുട്ബോൾ മത്സരങ്ങളുടെ വലിയ കന്പക്കാരനായിരുന്നു കുമാരേട്ടൻ. കുട്ടികളോടും മുതിർന്നവരോടുമെല്ലാം സൗഹൃദം പങ്കിട്ടിരുന്നു.