ജില്ലയിൽ ഡെങ്കിപ്പനി ഭീഷണി തുടരുന്നു
1337662
Saturday, September 23, 2023 12:57 AM IST
മലപ്പുറം: ജില്ലയിൽ ഡെങ്കിപ്പനി ഭീഷണി തുടരുന്നത് ആരോഗ്യമേഖലയിൽ ആശങ്ക പരത്തുന്നു.കഴിഞ്ഞ ആറുമാസമായി ജില്ലയിൽ ഡെങ്കിപ്പനി വ്യാപനമുണ്ട്.
ഡെങ്കിപ്പനി മൂലം ഏപ്രിൽ മാസത്തിൽ കുഴിമണ്ണ പഞ്ചായത്തിലും ജൂണ് മാസത്തിൽ കാവനൂർ പഞ്ചായത്തിലും ഓരോ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. മേയ് മാസം മുതൽ ഇതുവരെ ജില്ലയിൽ സ്ഥിരീകരിച്ച 1066 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 1533 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വണ്ടൂർ, മേലാറ്റൂർ എന്നീ ആരോഗ്യ ബ്ലോക്കുകളിലാണ്. മലപ്പുറം ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് നടത്തിയ ഫീൽഡ് തല പരിശോധനയിൽ ജില്ലയിൽ കൊതുക് പെറ്റുപെരുകുന്നതിനുള്ള സാധ്യതകൾ കൂടുതലുള്ളത് അഞ്ച് നഗരസഭാ പ്രദേശങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
താനൂർ, തിരൂർ, കൊണ്ടോട്ടി, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ നഗരസഭാ പ്രദേശങ്ങളിലാണ് കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടുതലായി കണ്ടെത്തിയത്. ഈ സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്.
കൂടാതെ ജില്ലയിലെ വിവിധ നഗരസഭകളിലായി 41 വാർഡുകളിലെ വീടുകളിൽ കൊതുകിന്റെ കൂത്താടികൾ വളരുന്ന സാഹചര്യം കണ്ടെത്തിയതായും കൊതുകിന്റെ സാന്ദ്രത കൂടുതലാണെന്നും ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് നടത്തിയ ഫീൽഡ് തല പഠനത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.
പൊതുജനങ്ങൾ ഉറവിട നശീകരണം വഴി കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതും കൊതുകുജന്യ രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനായി വെള്ളിയാഴ്ച ദിവസങ്ങളിൽ സ്കൂളുകളിലും ശനിയാഴ്ച ദിവസങ്ങളിൽ ഓഫീസ് സ്ഥാപനങ്ങളിലും ഞായറാഴ്ച ദിവസങ്ങളിൽ വീടുകളിലും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.