കടലുണ്ടിപുഴയിൽ എൻജിനീയറിംഗ് വിദ്യാർഥി മുങ്ങി മരിച്ചു
1337558
Friday, September 22, 2023 10:28 PM IST
മഞ്ചേരി : ആനക്കയം പെരുന്പലത്ത് കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. മന്പാട് സ്വദേശി മൂർക്കൻ വീട്ടിൽ അബ്ദുള്ളകുട്ടിയുടെ മകൻ മുഹമ്മദ് ഷിഹാൻ (20) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുടുംബത്തോടൊപ്പം ഉമ്മയുടെ സഹോദരിയുടെ വീട്ടിൽ വിരുന്നുവന്നതായിരുന്നു. ഉച്ച കഴിഞ്ഞു മൂന്നരക്ക് ശേഷമാണ് പള്ളിപ്പടിക്കടവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്.
ഇതിനിടയിൽ പുഴയിലേക്കു വഴുതി വീണു. നീന്തലറിയാത്ത ഷിഹാനെ കൂടെയുണ്ടായിരുന്ന സഹോദരങ്ങൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു. ഉടനെ മഞ്ചേരി അഗ്നിരക്ഷസേനാംഗങ്ങൾ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി. തുടർന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. തുടർന്നു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിലാണ്. ഇന്നു പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
മഞ്ചേരി ഏറനാട് നോളജ് സിറ്റിയിൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്. മാതാവ്: സൗദാബി. സഹോദരങ്ങൾ: റോഷൻ, ജെബിൻ ഫർഹാന. ഇക്കഴിഞ്ഞ ദിവസവും ആനക്കയത്ത് കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു. മാതൃപിതാവിന്റെ കബറടക്കം കഴിഞ്ഞ് ആനക്കയം ചെപ്പൂർ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിലാണ് അപകടം. തുടർച്ചയായ ദിവസങ്ങളിൽ രണ്ടു പേരാണ് ഇവിടെ മുങ്ങി മരിച്ചത്.