ഷൊർണൂർ -നിലന്പൂർ പാത : നാലു മേൽപ്പാലങ്ങളുടെ നിർമാണം കടലാസിലൊതുങ്ങി
1337241
Thursday, September 21, 2023 7:31 AM IST
പെരിന്തൽമണ്ണ: ഷൊർണൂർ -നിലന്പൂർ റെയിൽപാതയിൽ നിർമിക്കാൻ ലക്ഷ്യംവയ്ക്കുന്ന നാല് മേൽപാലങ്ങളുടെ പണി കടലാസിലൊതുങ്ങി. 2019 -20 വർഷത്തിൽ പ്രഖ്യാപിച്ച വല്ലപ്പുഴ, ചെറുകര, പട്ടിക്കാട്, വാണിയന്പലം മേൽപാലങ്ങളുടെ നിർമാണമാണ് ഇനിയും തുടങ്ങാത്തത്.
റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി ചെലവ് പങ്കിടുന്നതാണ് പദ്ധതി. ഷൊർണൂർ -നിലന്പൂർ റെയിൽപാത നിർമിച്ച കാലം മുതലുള്ളതാണ് ഈ ലെവൽ ക്രോസുകൾ. പാതയിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾ കൂടുതലും പകൽ സമയമായതിനാൽ ട്രെയിൻ കടന്നു പോകാൻ നിരവധി തവണ ലെവൽ ക്രോസുകൾ അടച്ചിടുന്നതു റോഡിൽ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്.
പാലക്കാട് ഡിവിഷനു കീഴിൽ മേൽപാലങ്ങളും അടിപ്പാതയുമായി 37 എണ്ണം നിർമിക്കാനായിരുന്നു പദ്ധതിയിട്ടത്. ഇതിൽ ഷൊർണൂർ-നിലന്പൂർ റെയിൽപാതയിൽ വാടാനാംകുറുശി മേൽപാലം പണി തുടങ്ങിക്കഴിഞ്ഞു.
നിലന്പൂർ അടിപ്പാതയുടെ പണി അടുത്ത മാസം ആരംഭിക്കാൻ തയാറെടുപ്പുകളായി.എന്നാൽ വല്ലപ്പുഴ, ചെറുകര, പട്ടിക്കാട്, വാണിയന്പലം മേൽപ്പാലങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികൾ ആയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ഇതിന് ജാഗ്രത കാട്ടേണ്ടത്. ഭരണ, സാങ്കേതിക അനുമത നൽകി കരാർ വച്ചാൽ പോലും പണി പൂർത്തിയാക്കാൻ മൂന്നു വർഷം വരെ കാലതാമസമെടുക്കും. 2024 ഏപ്രിൽ മാസത്തോടെ ഷൊർണൂർ - നിലന്പൂർ റെയിൽപാതയിൽ വൈദ്യുതീകരണ ജോലികൾ പൂർത്തിയാകും.
ഇതോടെ ട്രെയിനുകളുടെ വേഗത വർധനവ്, കൂടുതൽ വൈദ്യുതി എൻജിൻ ഘടിപ്പിച്ച ട്രെയിൻ എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തിൽ നാല് മേൽപാലങ്ങളുടേയും പണി ഉടൻ ആരംഭിക്കേണ്ടതുണ്ട്. നടപടിയാണാവശ്യം.