മലപ്പുറം: വാഴയൂർ ഗ്രാമപഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സാക്ഷരതാ മിഷന്റെ "ചങ്ങാതി’ സാക്ഷരതാ പദ്ധതി നടപ്പാക്കാൻ ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ആലിപ്പറന്പ് ഗ്രാമപഞ്ചായത്തിൽ സാക്ഷരതാ മിഷൻ കൈറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന "ഇ-മുറ്റം’ ഡിജിറ്റൽ സാക്ഷരതാ പദ്ധതി സെപ്റ്റംബർ മാസം പൂർത്തിയാക്കും. എല്ലാ തദേശ സ്ഥാപനങ്ങളിലും ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കും.
ഇതിനായി തദേശ സ്ഥാപന അധ്യക്ഷരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷരുടെയും യോഗം ഒക്ടോബർ അഞ്ചിന് ചേരാനും യോഗം തീരുമാനിച്ചു. ബ്രെയ്ലി സാക്ഷരതാ പദ്ധതിയുടെ പഠിതാക്കളുടെ യോഗം ഒക്ടോബർ 12ന് നടക്കും. സാക്ഷരതാ മിഷന്റെ "പൗരധ്വനി’ പദ്ധതി പ്രകാരം ആദിവാസികൾക്കായി ബോധവത്കരണ ക്യാന്പ് നടത്തും.
സാക്ഷരതാ മിഷന്റെ പട്ടികജാതിക്കാർക്കുള്ള പ്രത്യേക തുടർവിദ്യാഭ്യാസ പദ്ധതി "നവ ചേതന’ തിരുവാലി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കും. തുല്യതാ പഠിതാക്കൾക്കും ഗുണഭോക്താക്കൾക്കും പരിസ്ഥിതി സാക്ഷരത നൽകുന്നതിന് പഠിതാക്കളുടെ പ്രതിനിധികൾക്ക് പരിസ്ഥിതി സഹവാസ ക്യാന്പ് നടത്തും. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സാക്ഷരതാ ക്ലാസുകൾ സജീവമാക്കി എല്ലാ പഠിതാക്കളെയും പരീക്ഷക്ക് സജ്ജമാക്കാനും യോഗം തീരുമാനിച്ചു.
സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി. അബ്ദുൾറഷീദ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ സറീന ഹസീബ്, വി.എ. കരീം, ആലിപ്പറ്റ ജമീല, അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്മാൻ, സമീറ പുളിക്കൽ, കെ.ടി. അഷ്റഫ്, ആരിഫ നാസിർ, കെ. സലീന, ജെഎസ്എസ് ഡയറക്ടർ വി. ഉമ്മർകോയ, ഡയറ്റ് സീനിയർ ലക്ചറർ ഡോ. ബാബു വർഗീസ്, സെക്രട്ടറി എസ്. ബിജു, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം, കെ.എം. റഷീദ്, സി.പി. ഷീജ സി.പി, ടി. ശരണ്യ, എൻ.കെ. ഷംന, കെ. മൊയ്തീൻകുട്ടി എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു.