ഉച്ചഭക്ഷണത്തിന്റെ ഫണ്ട് ലഭിക്കുന്നില്ല; മങ്കട ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാർ യോഗം ചേർന്നു
1301214
Friday, June 9, 2023 12:27 AM IST
മങ്കട: ഉച്ചഭക്ഷണത്തിന് സമയത്തിന് സർക്കാർ ഫണ്ട് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മങ്കട ഉപജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗം ചേർന്നു. മാർച്ച് മാസത്തിൽ പോലും ചിലവഴിച്ച തുക ലഭ്യമല്ലാത്തതിനാലാണ് യോഗം ചേർന്നത്. ഓരോ മാസവും രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ ബാധ്യത വരുന്ന ഹെഡ്മാസ്റ്റർമാരുണ്ട്. പുതിയ അധ്യയന വർഷവും കടം വാങ്ങിച്ച് ഉച്ച ഭക്ഷണം നൽകുന്നതും ഏറെ ആശങ്കയോടെയാണ്. ഹെഡ്മാസ്റ്റർമാർ കാണുന്നത്. വലിയ ബാധ്യതയാണ് ഓരോ എച്ച്എമ്മിനും ഇതു വഴി വന്നിട്ടുള്ളത്.
ഒരു മാസം രണ്ട് ലക്ഷം രൂപ വരെ ചിലവ് വരുന്നവർ ഏറെ പ്രയാസപ്പെടുന്നുണ്ട്. കടകളിൽ നിന്ന് കടം വാങ്ങുന്നത് യഥാസമയം തിരിച്ചടക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവരുമുണ്ട്. തിരൂർ ഉപജില്ലയിൽ മാർച്ചിലെ പണം ജൂണ് മാസം കിട്ടിയില്ലെങ്കിൽ ജൂലൈ മാസം മുതൽ ഉച്ചഭക്ഷണം നൽകില്ല എന്ന് തീരുമാനിച്ചിരുന്നത് ഏറെ വിവാദമായിരുന്നു. മഴക്കാലം ആരംഭിച്ചാൽ പച്ചക്കറിക്കടക്കം വില വർധിക്കുന്പോൾ ദീർഘകാലത്തേക്ക് കടം വാങ്ങുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം, സർക്കാർ ഫണ്ട് തരുന്നത് വരെ മുട്ടയും പാലും അടക്കമുള്ള വിഭവങ്ങൾ ഒഴിവാക്കി കുട്ടികൾക്ക് സാധാരണ ഭക്ഷണം നൽകിയാൽ മതിയെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. പാല്, പല ചരക്ക് വണ്ടി വാടകക്ക് പണത്തിനായി നെട്ടോട്ടമോടുകയാണ്. 2021 നവംബറിന് ശേഷമാണ് സർക്കാരിൽ നിന്നും വേണ്ട രീതിയിൽ പണം കിട്ടാതെ പ്രയാസപ്പെടുന്നത്.