ഭിന്നശേഷി കുട്ടികളുടെ മെഡിക്കൽ ക്യാന്പ്; സംഘാടകസമിതിയായി
1300652
Wednesday, June 7, 2023 12:02 AM IST
നിലന്പൂർ: സമഗ്ര ശിക്ഷാ കേരളം നിലന്പൂർ ബിആർസിയുടെ നേതൃത്വത്തിൽ നിലന്പൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠനം നടത്തുന്ന അങ്കണവാടി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ഭിന്നശേഷി കുട്ടികളുടെ മെഡിക്കൽ ക്യാന്പ് ജൂണ്‍ രണ്ടാംവാരത്തിൽ സംഘടിപ്പിക്കും. കുട്ടികളുടെ സർവേ നടത്തുന്നതിനും മെഡിക്കൽ ക്യാന്പിന്റെ നടത്തിപ്പിനുമായുള്ള സംഘാടകസമിതി രൂപീകരണ യോഗം നിലന്പൂർ ബിആർസിയിൽ നടത്തി.
യോഗം നിലന്പൂർ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കക്കാടൻ റഹിം ഉദ്ഘാടനം ചെയ്തു. നിലന്പൂർ ബിപിസി എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സിഡിപിഒമാരായ എം. ജയഗീത, ഐസിഡിഎസ് ഓഫീസർ പി. സുബൈദ, സൂപ്പർവൈസർമാരായ എം. സുജാത, എൻ.എ. വിലാസിനി, സീന സൂസൻ, കെ.പി. റഹ്മത്ത്, കെ. മൃദുല, സലീന ജോസഫ്, പി.എം. സുലൈഖ, അങ്കണവാടി അധ്യാപകർ, ബിആർസി സ്റ്റാഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സമഗ്രമായ സർവേ നടത്തി ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി 30 നുള്ളിൽ നടക്കുന്ന വിവിധ മെഡിക്കൽ ക്യാന്പുകളിൽ പങ്കെടുപ്പിക്കാൻ തീരുമാനമായി.
ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ്, പിടിഎ, എംപിടിഎ, എസ്എംസി, എസ്പിസി, എൻഎസ്എസ് തുടങ്ങിയ ഏജൻസികൾ പ്രവർത്തനത്തിൽ പങ്കാളികളാകും.