നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേ നടപടികൾ വൈകുന്നു
1300206
Monday, June 5, 2023 12:08 AM IST
നിലന്പൂർ: മലപ്പുറം-കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേയുടെ നിർമാണം സാങ്കേതിക കാരണങ്ങളാൽ വൈകുന്നു.
കേരള റോഡ് ഫണ്ട് ബോർഡിനാണ് ഹൈവേയുടെ ചുമതല. കിഫ്ബി ഫണ്ടിൽ 120 കോടി രൂപ അനുവദിക്കുകയും പി.കെ. ബഷീർ എംഎൽഎയുടെ അധ്യക്ഷതയിൽ ചാലിയാർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ യോഗവും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൈലാടി പാലം മുതൽ രണ്ടു ഘട്ടങ്ങളിലായി സർവേ നടത്തി റോഡിന്റെ വീതി ഉൾപ്പെടെ മാർക്ക് ചെയ്തിരുന്നു.
അകന്പാടം അങ്ങാടിയിലെ 24 കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ പൊളിക്കേണ്ടി വരുമെന്നു സർവേയിൽ കണ്ടെത്തിയിരുന്നു. എന്നാൽ കെട്ടിട ഉടമകളുടെ യോഗം വിളിച്ച അവരുടെ നഷ്ടപരിഹാരം കണക്കാക്കി അവർക്ക് പണം നൽകാനുള്ള നടപടി ഉണ്ടായിട്ടില്ല. ഹൈവേ യഥാർഥ്യമാകണമെങ്കിൽ സർവേയിൽ രേഖപ്പെടുത്തിയ കെട്ടിടങ്ങളുടെ ഭാഗങ്ങൾ പൊളിച്ചു മാറ്റുക തന്നെ വേണം.
നിലന്പൂർ മണ്ഡലത്തിലെ മലയോര ഹൈവേയുടെ നിർമാണം പൂരോഗമിക്കുകയാണ്. മൈലാടി വരെയും കോഴിക്കോട് ജില്ലയിൽ കക്കാടംപൊയിൽ വരെയും മലയോര ഹൈവേയുടെ പണി പൂർത്തികരിച്ചു വരുന്നുണ്ട്. മൈലാടി പാലം മുതൽ നായാടംപൊയിൽ വരെയുള്ള മലയോര ഹൈവേയുടെ ഭാഗം പൂർത്തിയായാൽ മാത്രമേ റോഡിന്റെ ഗുണം ലഭിക്കൂ.
എംഎൽഎയും കേരള റോഡ് ഫണ്ട് ബോർഡും ആദ്യമേ കാണിച്ച താൽപര്യം നിലവിൽ കാണിക്കാത്തതാണ് ജനങ്ങളെ ആശങ്കയിലാഴ്ത്താൻ കാരണം. നടപടി ക്രമങ്ങൾ പൂർത്തികരിച്ച് ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ വേഗമാക്കിയാൽ മാത്രമേ നിലന്പൂർ-നായാടംപൊയിൽ മലയോരപാതയുടെ നിർമാണം തുടങ്ങാനാകൂ.