സുരക്ഷാ സംവിധാനങ്ങളില്ലാതെ കരുവാരക്കുണ്ടിലെ വിനോദ കേന്ദ്രങ്ങളിൾ
1298157
Monday, May 29, 2023 12:02 AM IST
കരുവാരകുണ്ട് :കരുവാരക്കുണ്ട് മലവാരത്തേക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിനോദത്തിനും പോകുന്നവർക്ക് കൃത്യമായ സുരക്ഷ നിർദേശങ്ങളോ ആവശ്യമായ സഹായങ്ങളോ ലഭ്യമാകാത്തതാണ് വർധിച്ചുവരുന്ന അപകടങ്ങൾക്ക് കാരണമെന്നു പരാതി ഉയരുന്നു.
കരുവാരക്കുണ്ട് മലവാരം സൈലന്റ് വാലി ബഫർസോണിനോട് ചേർന്നു കിടക്കുന്നതാണ്. കൽക്കുണ്ട്, അൽഫോൻസ് ഗിരി, കണ്ണത്ത്, മണലിയന്പാടം, കുണ്ടോട തുടങ്ങി വിവിധ മലവാരങ്ങൾ ചേർന്നുകിടക്കുന്ന ഭാഗമാണ് കരുവാരക്കുണ്ട് മലയോരം. സൈലന്റ് വാലി ബഫർസോണിനോട് തൊട്ടു കിടക്കുന്ന ഭാഗമായതിനാൽ തന്നെ സൈലന്റ് വാലിയുടെ അത്രതന്നെ മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. മലവാരത്തിനോടടുത്ത് ഉൾവനത്തോടു ചേർന്നു ധാരാളം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളുണ്ട്.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കാഴ്ചയിൽ മനോഹരവും കുളിരേകുന്ന കാലാവസ്ഥയുള്ളതുമാണ്. അതുകൊണ്ടു തന്നെ ധാരാളം പേരാണ് ഇവിടങ്ങളിലേക്കെത്തുന്നത്.
റിസോർട്ടുകളും ഇത്തരം സ്ഥലങ്ങളിലുണ്ട്. കത്രിചുണ്ടൻ, കൂന്പൻമലവാരം, പാണ്ടൻപാറ തുടങ്ങിയവയും കേരളാംകുണ്ട് വെള്ളച്ചാട്ടം, ബറോഡ വെള്ളച്ചാട്ടം, സ്വപ്നക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി വിവിധ വെള്ളച്ചാട്ടങ്ങളും തണുപ്പുള്ളതും ശുദ്ധവുമായ നീരൊഴുക്കുള്ള ചോലകളും നിറഞ്ഞ പ്രദേശമാണിത്. ധാരാളം വന്യമൃഗങ്ങളും ഇവിടെ അധിവസിക്കുന്നുണ്ട്.
ഇത്തരം വനമേഖലയിലേക്ക് പരിസരപ്രദേശങ്ങളിൽ നിന്നും ജില്ലയുടെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നു ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.
എന്നാൽ ഇവർക്ക് കൃത്യമായ മാർഗനിർദേശങ്ങളോ വിനോദത്തിനോ ആവശ്യമായ സഹായങ്ങളോ ലഭിക്കുന്നില്ല എന്നാണ് പ്രധാന പരാതി. ഏതൊക്കെ ഭാഗങ്ങളിലേക്ക് പോകാമെന്നും വനമേഖലയിലേക്ക് പ്രവേശിച്ചാലുണ്ടാകുന്ന ശിക്ഷാനടപടികളെക്കുറിച്ചോ ഒന്നും വിശദീകരിക്കുന്നതിനോ നിർദേശങ്ങൾ നൽകുന്നതിനോ ആവശ്യമായ സംവിധാനമോ സഹായികളോ ഇവിടങ്ങളിലില്ല. അതുകൊണ്ടാണ് തന്നെയാണ് കഴിഞ്ഞദിവസം മൂന്നു യുവാക്കൾ അപകടത്തിൽപ്പെട്ടതുപോലെ ധാരാളം പേർ തുടർച്ചയായി അപകടത്തിൽപ്പെടുന്നത്.
അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിൽ മരണം സംഭവിക്കുകയുമുണ്ടായിട്ടുണ്ട്. വിനോദസഞ്ചാരത്തിനും ട്രക്കിംഗിനുമായി എത്തുന്നവർക്ക് നിർദേശങ്ങളും സഹായങ്ങളും ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. കരുവാരക്കുണ്ടിൽ പ്രവർത്തിച്ചിരുന്ന ഫോറസ്റ്റ് സ്റ്റേഷൻ കാളികാവ് പഞ്ചായത്തിലേക്ക് മാറ്റിയതും ഇത്തരം സഹായങ്ങൾ നിലക്കാൻ കാരണമായിട്ടുണ്ട്.