ആദിവാസി ഭൂസമരംകേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഹിന്ദു ഐക്യവേദി
1297612
Saturday, May 27, 2023 12:21 AM IST
നിലന്പൂർ: ആദിവാസി ഭൂസമരത്തിനു ഐക്യദാർഡ്യവുമായി ഹിന്ദു ഐക്യവേദി സമരപന്തൽ സന്ദർശിച്ചു.
ആദിവാസി കൂട്ടായ്മ 17 ദിവസമായി നിലന്പൂർ ഐടിഡിപി ഓഫീസിനു മുന്നിൽ നടത്തിവരുന്ന സമരത്തിനു പിന്തുണയുമായാണ് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്റെ നേതൃത്വത്തിൽ നേതാക്കളെത്തിയത്. ആദിവാസി സമൂഹം ഭൂമിക്ക് വേണ്ടി നടത്തുന്ന ഈ സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മുരളീധരൻ സമരക്കാർക്ക് ഉറപ്പു നൽകി.
സംസ്ഥാനത്തെ ആദിവാസി സമൂഹം അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരം തേടി ഡിസംബറിൽ സെക്രട്ടറിയറ്റിലേക്ക് നടത്തുന്ന സമരത്തിനു പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൻകിടക്കാർ കൈയേറിയ വനഭൂമികൾ തിരിച്ചുപിടിച്ചാൽ തന്നെ ആദിവാസികൾ ആവശ്യപ്പെടുന്ന ഭൂമി കണ്ടെത്താൻ കഴിയും.
1957 മുതൽ ഭരിച്ചവർ ആദിവാസി സമൂഹത്തിനായി ഒന്നും ചെയ്യാത്തതാണ് കയറി കിടക്കാനുള്ള ഭൂമിക്ക് വേണ്ടി ആദിവാസികൾ സമരത്തിനിറങ്ങേണ്ട അവസ്ഥ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് ചുങ്കപ്പള്ളി, ജനറൽ സെക്രട്ടറി കെ.ടി. സജീവ്, ചീരോളി ചന്ദ്രൻ, താലൂക്ക് ജനറൽ സെക്രട്ടറി ടി.വി. ജനാർദനൻ, വിശ്വഹിന്ദ് പരിഷത്ത് ജില്ലാ നേതാവ് കുമാർ മുത്തേടം എന്നിവരും സമരപന്തലിൽ എത്തി. കഴിഞ്ഞ 10 നാണ് ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. കളക്ടർ ഉൾപ്പെടെ ചർച്ച നടത്തിയെങ്കിലും ആവശ്യം അംഗീകരിക്കും വരെ സമരം എന്ന നിലപാടിലാണ് ആദിവാസി കൂട്ടായ്മ. ബിജെപി നേരത്തെ പരസ്യമായി രംഗത്തു വന്നിരുന്നു. വെൽഫെയർ പാർട്ടിയും സമരത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. നിലന്പൂർ ഐടിഡിപി ഓഫീസിന് മുന്നിൽ നടക്കുന്ന സമരം സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമാണ്. പലരും ജോലി ഉപേക്ഷിച്ചാണ് ഭൂമിക്കായുള്ള സമരത്തിൽ അണിനിരന്നിട്ടുള്ളത്.