സാംസ്കാരിക പ്രവർത്തകൻ ഗ്രാമപഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങിമരിച്ചു
1297497
Friday, May 26, 2023 10:21 PM IST
കൊണ്ടോട്ടി: ഇടതുസാംസ്കാരിക പ്രവർത്തകനും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമി മുൻ സെക്രട്ടറിയുമായ റസാഖ് പയന്പ്രോട്ട് (57) പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസ് വരാന്തയിൽ പിറന്നാൾ ദിവസത്തിൽ തൂങ്ങിമരിച്ച നിലയിൽ. ഇന്നലെ രാവിലെയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും സമീപത്തെ കുടുംബശ്രീ സ്റ്റാളിനുമിടയിലെ ഭാഗത്ത് റസാഖിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരേ നൽകിയ പരാതികളും രേഖകളുമെല്ലാം അടങ്ങിയ ബാഗ് കഴുത്തിൽ തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കുടുംബശ്രീ സ്റ്റാളിന്റെ ഷീറ്റിട്ട മേൽക്കൂരയിലെ ഇരുന്പ് പൈപ്പിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലായിരുന്നു. റസാഖിന്റെ സഹോദരൻ പയന്പ്രോട്ട് അബ്ദുൾ ബഷീർ ശ്വാസകോശ രോഗം ഇന്റർസ്റ്റീഷ്യൽ ലംഗ് ഡിസീസ് (ഐഎൽഡി) ബാധിച്ച് കഴിഞ്ഞ മാർച്ചിൽ മരിച്ചിരുന്നു. വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുകയും പൊടിയും ശ്വസിച്ചുള്ള ആരോഗ്യപ്രശ്നങ്ങളാണ് സഹോദരന്റെ മരണകാരണമെന്നും അതിനാൽ വീടിനടുത്തുള്ള പ്ലാന്റ് നിർത്തിവയ്പിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിൽ റസാഖ് നിരവധി പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച് മറ്റു വകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു.
എന്നാൽ സ്വന്തം പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ നിന്നുള്ള തിക്താനുഭവങ്ങൾ വിവരിച്ച് മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുന്പ് റസാഖ് ഫേസ്ബുക്ക് പോസ്റ്റുമിട്ടിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്നു ആരോപിച്ച് നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും പഞ്ചായത്ത് ഓഫീസിന് മുന്പിൽ പ്രതിഷേധിച്ചു.
2016 മുതൽ 2022 വരെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടിയിലെ മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാഡമിയുടെ സെക്രട്ടറിയായിരുന്നു. 2007 മുതൽ 2011 വരെ വൈദ്യർ സ്മാരകത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വർത്തമാനം പത്രത്തിൽ കോഓർഡിനേറ്റിംഗ് എഡിറ്റർ, ദീപിക പത്രം, കൊണ്ടോട്ടിയിൽ നിന്ന് പ്രസിദ്ധീകരിച്ച വര മാഗസിൻ, സാഹാഹ്ന പത്രം, കൊണ്ടോട്ടി ടൈംസ് സായാഹ്ന പത്രം എന്നിവയിൽ പ്രവർത്തിച്ചിരുന്നു. എറണാകുളം കോക്കേഴ്സ് ഫിലിംസിൽ പ്രൊഡക്ഷൻ കണ്ട്രോളറായും പ്രവർത്തിച്ചിട്ടുണ്ട്.നിരവധി പുസ്തങ്ങൾ എഴുതിയിട്ടുണ്ട്. പുരോഗമന കലാസാഹിത്യ വേദികളിൽ സജീവമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടിന് ശേഷം കോഴിക്കോട് ലളിതകലാ അക്കാഡമിയിൽ പൊതുദർശനത്തിന് ശേഷം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.
കൊട്ടപ്പുറം പരേതനായ പയന്പ്രോട്ട് മുഹമ്മദലി- ഉമ്മീരക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: സി.കെ. ഷീജ (അരിന്പ്ര ജിഎച്ച്എസ് സ്കൂൾ).കൊണ്ടോട്ടി പോലീസ് കേസെടുത്തു.