‘നിരോധിത മേഖലകളിൽ പ്രവേശിക്കുന്നവർക്കെതിരെ നടപടി വേണം’
1297384
Friday, May 26, 2023 12:32 AM IST
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് അൽഫോൻസ് ഗിരി മലവാരത്ത് കുടുങ്ങിക്കിടന്ന യുവാക്കളെ രക്ഷപ്പെടുത്തി താഴെയെത്തിച്ചത് വ്യാഴാഴ്ച പുലർച്ചെ രണ്ടിന് ശേഷം. നാട്ടുകാരും പോലീസും ഫയർഫോഴ്സും സന്നദ്ധ സംഘടന പ്രവർത്തകരും വനം വകുപ്പ് അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സൈലന്റ് വാലി ബഫർ സോണിൽ ഉൾപ്പെട്ട കൂന്പൻ മലവാരം കാണാൻ പോയ മൂന്നുപേരിൽ രണ്ടു പേരാണ് നിബിഡവനത്തിൽ കുടുങ്ങിയത്. കൂട്ടത്തിൽ ഒരാൾ നേരത്തേ തന്നെ രക്ഷപ്പെട്ട് താഴെയെത്തിയതോടെയാണ് വനാന്തർഭാഗത്ത് രണ്ടുപേർ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർ അറിഞ്ഞത്.
മാന്പുഴ പൊടുവണ്ണി സ്വദേശികളായ പൊൻകുളത്തിൽ യാസീൻ, ചക്കാലക്കുന്നൻ അൻസൽ, കല്ലിങ്ങൽ ഷംനാദ് എന്നിവരായിരുന്നു കൂന്പൻ മലയുടെ താഴ് വാരത്തേക്ക് പോയിരുന്നത്. ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് മൂവരും മല കയറിയത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ കാട്ടു ചോലകളിൽ വെള്ളം പൊങ്ങുകയും പാറകളിൽ വഴുതൽ അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് പാറകളിൽ നിന്ന് തെന്നി മൂന്നുപേരും വീഴുകയും ഇതിൽ ഷംനാദിനൊഴികെ മറ്റു രണ്ടുപേർക്കും പരിക്കേൽക്കുകയും ചെയ്തു. ഒരാളുടെ പരിക്ക് സാരമുള്ളതായിരുന്നു. ഇയാൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയിലായി.
ഇതോടെ പരിക്കേറ്റ വരെ വനാന്തർഭാഗത്തെ പാറയിൽ തന്നെ ഇരുത്തി ഷംനാദ് താഴെ എത്തി നാട്ടുകാരെ വിവരമറിയിച്ചു. വഴിയറിയാത്തതിനാൽ ചോലയുടെ ഒഴുക്ക് നോക്കിയാണ് ഷംനാദ് താഴേക്ക് പുറപ്പെട്ടത്. വനത്തിലേക്ക് പ്രവേശിച്ച ഭാഗത്ത് എത്തുന്നതിന് പകരം കൽക്കുണ്ട് ഭാഗത്താണ് ഷംനാദ് എത്തിച്ചേർന്നത്. അവിടെയുള്ള വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാർ പോലീസിനെയും രക്ഷിതാക്കളെയും അറിയിക്കുകയുമാണ് ഉണ്ടായത്.
തുടർന്ന് കരുവാരക്കുണ്ട് പോലീസ് ട്രോമാകെയർ, ഫയർഫോഴ്സ്, നാട്ടുകാർ, സന്നദ്ധ സംഘടനാ പ്രവർത്തകൾ, സമീപ സ്റ്റേഷനുകളിലെ പോലീസുകാർ തുടങ്ങിയവർ സ്ഥലത്തെത്തി യുവാക്കൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് രക്ഷാപ്രവർത്തനത്തിന് വേണ്ടി പുറപ്പെടുകയായിരുന്നു.
എന്നാൽ യുവാക്കൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് എത്തിപ്പെടാനായത് നാട്ടുകാർക്ക് മാത്രമായിരുന്നു. പ്രദേശവാസികളായ യുവാക്കൾ കുടുങ്ങിക്കിടക്കുന്ന ഭാഗത്തെത്തി നടക്കാനാവാതിരുന്ന പരിക്കേറ്റയാളെ തുണിയിൽ പൊതിഞ്ഞു കെട്ടി വളരെ ശ്രദ്ധയോടെ കുത്തനെയുള്ള പാറക്കെട്ടിറങ്ങി താഴേക്ക് കൊണ്ടുവരികയായിരുന്നു. വാഹനം എത്തുന്ന സ്ഥലം വരെ മൂന്നുപേരും പരിക്കേറ്റ വരെ ചുമന്ന് കൊണ്ടുവന്നു.
കാട്ടാന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളും മലന്പാന്പ്, രാജവെന്പാല തുടങ്ങിയ അത്യുഗ്ര ഇഴജന്തുക്കളും ധാരാളമുള്ള മലവാരത്തിലൂടെ രാത്രി സമയത്തുള്ള രക്ഷാദൗത്യം ഏറെ ദുഷ്കരവും അപകടം നിറഞ്ഞതുമായിരുന്നുവെന്നും ശരിയായ വഴി അറിയാത്തതിനാൽ ഏകദേശ നിഗമനത്തിൽ പുതിയ വഴി വെട്ടിത്തെളിച്ചാണ് സംഘം പരിക്കേറ്റവരെ താഴത്തേക്ക് എത്തിച്ചതെന്നും സംഘത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞു.
അതേ സമയം കൽകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ട പദ്ധതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെത്തുന്ന സഞ്ചാരികളിലധികവും ലഹരി ഉപയോഗിക്കാനാണ് എത്തുന്നതെന്നും നിരോധിത മേഖലകളിൽ അതിക്രമിച്ച് പ്രവേശിക്കുന്നവർക്കെതിരെ അധികൃതർ മുഖം നോക്കാതെ നടപടി എടുക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്.