പ്ലസ് വണ്‍ സീറ്റുകൾ വർധിപ്പിക്കണമെന്ന് കൗണ്‍സിലിൽ പ്രമേയം
1297146
Wednesday, May 24, 2023 11:54 PM IST
മഞ്ചേരി: ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകൾ വർധിപ്പിക്കണമെന്ന് നഗരസഭ കൗണ്‍സിൽ യോഗത്തിൽ പ്രമേയം. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.എം നാസറാണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരം സമിതി അധ്യക്ഷ സി. സക്കീന പിന്താങ്ങി.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് പോലും സീറ്റ് കിട്ടാത്ത അവസ്ഥയാണ് ജില്ലയിലുള്ളത്. എന്നാൽ തെക്കൻ ജില്ലകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ്. ഇതിന് സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മഞ്ചേരി സീതി ഹാജി സ്റ്റാൻഡ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള നടപ്പാതയിൽ അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിവാക്കാൻ കൗണ്‍സിൽ തീരുമാനിച്ചു.
ഇതു കാൽനടയാത്രക്കാർക്ക് വലിയ തോതിൽ പ്രയാസം സൃഷ്ടിക്കുകയാണ്. പൊതുമരാമത്ത്, പോലീസ്, നഗരസഭ ആരോഗ്യവിഭാഗം എന്നിവരുടെ നേതൃത്വത്തിൽ ഒഴിപ്പിക്കാനും ധാരണയായി. ചെയർപേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ്, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, അഷ്റഫ് കാക്കേങ്ങൽ, പി. അബ്ദുൾ മജീദ്, എം.കെ. മുനീർ, വി.സി. മോഹനൻ, മരുന്നൻ സാജിദ് ബാബു, സി.പി. അബ്ദുൾ കരീം, അഡ്വ. പ്രേമാ രാജീവ് എന്നിവർ പ്രസംഗിച്ചു.