ആദിവാസി ഭൂസമരം: കളക്ടറുടെ ചർച്ചയും ഫലം കണ്ടില്ല
1297140
Wednesday, May 24, 2023 11:54 PM IST
നിലന്പൂർ: നിലന്പൂർ ഐടിഡിപി ഓഫീസിനു മുന്നിൽ ആദിവാസി കൂട്ടായ്മ നടത്തുന്ന ഭൂസമരം ഒത്തുതീർപ്പാക്കാൻ ജില്ലാ കളക്ടർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു.
ഭൂരഹിത കുടുംബങ്ങൾക്കു ഒരേക്കർ ഭൂമി ആവശ്യപ്പെട്ട് കഴിഞ്ഞ 10 നാണ് ഐടിഡിപി ഓഫീസിനു മുന്നിൽ ആദിവാസികൾ കുത്തിയിരുപ്പ് സമരം തുടങ്ങിയത്. പിന്നീട് ഉപവാസമാക്കി മാറ്റി.ജില്ലയിൽ ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് വിതരണത്തിന് 275.13 ഏക്കർ വനഭൂമി കണ്ടെത്തി.
656 പേരുടെ കരട് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ചാലിയാർ പഞ്ചായത്തിലെ അത്തിക്കൽ, ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ എന്നിവിടങ്ങളിൽ 20 സെന്റ് വീതവും നിലന്പൂർ തൃക്കൈക്കുത്ത് ബീറ്റിൽ 10 സെന്റ് വീതവും നൽകാനാണ് നിലവിലെ തീരുമാനം. അപേക്ഷ നൽകാത്ത 200 ഓളം ഭൂരഹിത കുടുംബങ്ങൾ ഉണ്ടെന്നാണ് ഐടിഡിപിയുടെ കണക്ക്.
വിതരണത്തിന് അവരെ കൂടി പരിഗണിക്കാനാണ് ശ്രമം.ഇന്നലെ വൈകിട്ട് 5.30ന് കളക്ടർ വി.ആർ പ്രേംകുമാർ, ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുണ് എന്നിവർ ഐടിഡിപി ഓഫിസീലെത്തി. ഓഫീസർ കെ.എസ്. ശ്രീരേഖ, തഹസിൽദാർ എം.പി. സിന്ധു എന്നിവരുമായി പ്രാഥമിക ചർച്ച നടത്തി. തുടർന്ന് ഉപവാസമനുഷ്ഠിക്കുന്ന ബിന്ദു വൈലാശേരി, ഗീത അരവിന്ദ്, ഗിരിദാസൻ, സദാനന്ദൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച ആരംഭിച്ചു. ഒരേക്കർ ഭൂമി വേണമെന്ന ആവശ്യം സമരക്കാർ 50 സെന്റിലേക്ക് ചുരുക്കി. അനുഭാവപൂർവം പരിഗണിക്കാമെന്നു കളക്ടർ മറുപടി നൽകി. തീരുമാനത്തിനു ജില്ലാതല സമിതി ചേരണമെന്ന് അറിയിച്ചു. ഉപവാസം അവസാനിപ്പിക്കണമെന്ന കളക്ടറുടെ ആവർത്തിച്ചുള്ള അഭ്യർഥന നിരസിച്ച് രാത്രി എട്ടുമണിയോടെ സമരക്കാർ ചർച്ച ബഹിഷ്കരിച്ച് ഐടിഡിപി ഓഫീസറുടെ മുറിയിൽ നിന്നിറങ്ങി പോയി. നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം, സിഐ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പോലീസ് സന്നാഹം ക്യാന്പ് ചെയ്തിരുന്നു. സമരം ശക്തമാക്കുമെന്നു ആദിവാസി കൂട്ടായ്മ അറിയിച്ചു. മലയോര മേഖലയിലെ മുഴുവൻ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്കും ഭൂമി നൽകണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇപ്പോൾ 656 കുടുംബങ്ങളെ കണ്ടെത്തിയിട്ടുള്ളതെന്നു ജില്ലാ കളക്ടർ പറഞ്ഞു. നിലവിലുള്ള ഭൂമി വിതരണം ചെയത ശേഷം ഭൂമി ലഭ്യതക്കനുസരിച്ച് സമരക്കാർക്ക് പരമാവധി ഭൂമി നൽകുന്ന കാര്യം പരിഗണിക്കുമെന്നും കളക്ടർ പറഞ്ഞു.