പഠനോപകരണങ്ങൾ വിതരണം ചെയ്തു എംഇഎസ് മെഡിക്കൽ കോളജിന്റെ "വാത്സല്യം’പദ്ധതി
1297139
Wednesday, May 24, 2023 11:54 PM IST
പെരിന്തൽമണ്ണ: രോഗം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നതും സാന്പത്തിക പ്രയാസം നേരിടുന്നതുമായ രക്ഷിതാക്കളുടെ മക്കൾക്ക് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ പാലിയേറ്റീവ് കമ്മിറ്റി വർഷം തോറും നൽകി വരുന്ന സൗജന്യ പഠനോപകരണങ്ങളുടെ വിതരണം"വാത്സല്യം’ എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ചു.
മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറിൽപരം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എംഇഎസ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിന്റെ സമീപത്തുള്ള അഞ്ചു പഞ്ചായത്തുകളിലെ അർഹരായ കുട്ടികൾക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. എംഇഎസ് സംസ്ഥാന പ്രസിഡന്റും മെഡിക്കൽ കോളജ് ഡയറക്ടറുമായ ഡോ.പി.എ ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഹമീദ് ഫസൽ മുഖ്യപ്രഭാഷണം നടത്തി. പത്തു വർഷത്തിലേറെയായി തുടരുന്ന ഈ പദ്ധതി ഏറെ പേർക്ക് ഉപകാരപ്രദമാണെന്നും അടുത്ത വർഷം ആനുകൂല്യം നേടുന്നവരുടെ എണ്ണം ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റീവ് സെക്രട്ടറി അഡ്വ.മുഹമ്മദ് സബീർ അധ്യക്ഷനായിരുന്നു. മെഡിക്കൽ കോളജ് പാലിയേറ്റീവ് കമ്മിറ്റി പ്രസിഡന്റ് സി. ഉസ്മാൻ, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.ഷീല ശിവൻ, രജിസ്ട്രാർ ഡോ.സി.വി ജമാലുദീൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഡോ.സി.എം അലി റിഷാദ്, ഡെപ്യൂട്ടി സ്റ്റാഫ് അഡ്വൈസർ ഡോ.ആസിഫ് അലി ഉസ്മാൻ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൗദ, പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ, പാലിയേറ്റീവ് കമ്മിറ്റി ട്രഷറർ നസീജ എന്നിവർ പ്രസംഗിച്ചു.