മലപ്പുറം ക്ഷയരോഗ മുക്തമാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: കളക്ടർ
1279779
Tuesday, March 21, 2023 11:22 PM IST
മലപ്പുറം: ക്ഷയരോഗികൾ ഇല്ലാത്ത മലപ്പുറത്തിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നു ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ. ‘അതെ, നമുക്ക് ക്ഷയരോഗത്തെ തുടച്ചു നീക്കാം’ എന്ന സന്ദേശം ഉയർത്തി ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി മലപ്പുറം മുനിസിപ്പൽ ടൗണ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. ക്ഷയരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ല മികച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഈ നേട്ടം നിലനിർത്തണമെങ്കിൽ കൂടുതൽ ഉൗർജസ്വലതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സിദീഖ് നൂറേങ്ങൽ, ഹോമിയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജുമൈലത്ത്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. യാസിറ മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു, ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ ഡോ. എം.സി നിഷിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത്, ഡോ. നവ്യ ജെ. തൈക്കാട്ടിൽ, ഡോ. ഫിറോസ്ഖാൻ എന്നിവർ പ്രസംഗിച്ചു.
സീനിയർ ടി.ബി./എച്ച്ഐവി കോ-ഓർഡിനേറ്റർ ജേക്കബ് ജോണ് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ടി.ബി ഓഫീസർ ഡോ. സി. ഷുബിൻ സ്വാഗതവും ഡോ. അബ്ദുൾ ജലീൽ നന്ദിയും പറഞ്ഞു.
പരിപാടിയുടെ മുന്നോടിയായി രാവിലെ മലപ്പുറത്ത് നടന്ന വിളംബര റാലി ഡിവൈഎസ്പി ബഷീർ ഫ്ളാഗ് ഓഫ് ചെയ്തു. റാലിയിൽ അൽശിഫ കോളജ് ഒന്നാം സ്ഥാനം നേടി. മലപ്പുറം കെപിഎം സ്കൂൾ ഓഫ് നഴ്സിംഗ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും കലാപരിപാടികൾ അവതരിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം നടത്തി.