ക്ഷേത്രപൂജാരിയെയും കഴകത്തേയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
1516043
Thursday, February 20, 2025 6:11 AM IST
പാലോട്: ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി പൂജാരിയെയും കഴകത്തേയും ആക്രമിക്കുകയും വിഗ്രഹങ്ങൾ ചവിട്ടി മറയ്ക്കുകയും ചെയ്തയാൾ അറസ്റ്റിൽ. ദേവസം ബോർഡിനു കീഴിലുള്ള നന്ദിയോട് പച്ച സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സമീപവാസിയും വിമുക്തഭടനും വിതുര ഐസറിലെ സുരക്ഷാ ജീവനക്കാരനുമായ പച്ച ബോബി ആൻഡ് ബോബൻസ് ഹൗസിലെ ബിനി ആർ. ഭദ്രൻ (44) ആക്രമണം നടത്തിയത്.
ചൊവ്വാഴ്ച രാത്രിയായിരു ന്നു സംഭവം. ക്ഷേത്രത്തിലേക്കുവന്നു തൊഴുതശേഷം ശ്രീ കോവിലിൽ അതിക്രമിച്ചു കയറിയ ബിനി വിഗ്രഹങ്ങളും പൂജാസാധനങ്ങളും തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച മേൽശാന്തി ഷിജുകുമാർ, കഴകം അപ്പു എന്നിവർക്കാണ് മർദനമേറ്റത്.
ഇവർ പാലോട് ആശുപത്രിയിൽ ചികിത്സ തേടി. വിഗ്രഹത്തിന്റെ കഴുത്തിൽ കിടന്ന ഹാരമെടുത്ത് ഭക്തരുടെ കഴുത്തിലിട്ട് മുറുക്കാനും ഇയാൾ ശ്രമിച്ചശേഷം ക്ഷേത്ര പരിസരമാകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പാലോട് പോലീസെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അവർക്കുനേരെയും ആക്രമണമുണ്ടായി. ഇന്നലെ വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.