കുടിവെള്ള വിതരണം അവതാളത്തിൽ : വെള്ളത്തിനായി പരക്കംപാഞ്ഞ് കുറ്റിച്ചൽ പ്രദേശവാസികൾ
1516035
Thursday, February 20, 2025 6:03 AM IST
കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിലെ കുടിവെള്ള വിതരണം അവതാളത്തിൽ. വേനൽക്കാലം തുടങ്ങിയതോടെ പ്രദേശ ത്ത് ജലക്ഷാമം രൂക്ഷം. ഇനി ശരണം ടാങ്കർ വെള്ളം മാത്രം.
കാളിപ്പാറ ശുദ്ധജല പദ്ധതിയിൽനിന്നും കള്ളിക്കാട് പഞ്ചായത്തിലെ വ്ളാവെട്ടി വഴിയാണ് കോട്ടൂർ പ്രദേശത്ത് കുടിവെള്ളമെത്തിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം അർധരാത്രിയിൽ ജലവിതരണം ഉണ്ടായിരുന്നതും നിലച്ചു.
ജൽജീവൻ മിഷൻ വഴി കുറ്റിച്ചൽ-പൂവച്ചൽ പഞ്ചായത്തുകളിൽ നൽകിയിരിക്കുന്ന വാട്ടർ കണക്ഷനുകൾ പൊട്ടിയൊലിക്കന്നതുമൂലം കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. പരുത്തിപ്പള്ളി- കാലംപാറ-പേഴുംമൂട്റോഡിലെ കുടിവെള്ള വിതരണ സംവിധാനവും അവതാളത്തിലാണ്. കുറ്റിച്ചൽ പഞ്ചായത്തിലെ നിർമാണം പുരോഗമിക്കുന്ന വലിയവിള, അണിയിലമുകൾ പദ്ധതികൾ പൂർത്തിയായാൽ ജലജീവൻ പദ്ധതിയിലൂടെ കുടിവെള്ളക്ഷാമം പരിഹരിക്കാനായേനെ.
ജലക്ഷാമം പരിഹരിക്കാൻ വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ജല അഥോറിറ്റിയുടെ അണിയിലക്കടവ് പദ്ധതിയും നടപ്പാക്കാനായിട്ടില്ല. ഇതിനായി കരമനയാറിലെ അണിയിലകടവിൽ സംഭരണ ടാങ്ക് പണിതതും നോക്കുകുത്തിയാണ്. ജി. കാർത്തികേയൻ എംഎൽഎ ആയിരുന്ന സമയ ത്ത് അനുവദിച്ച പൂവച്ചൽ-കുറ്റിച്ചൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ണൂർക്കര-വീരണകാവ് വില്ലേജുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാണ് പദ്ധതി തയാറാക്കിയത്.
അണിയിലക്കടവിൽ പമ്പ് ഹൗസും കരിപ്പട്ടിച്ചിറയിൽ ട്രീറ്റ്മെന്റ് പ്ലാന്റും പൂർത്തിയാക്കിയിട്ട് വർഷങ്ങളായി. എന്നാൽ അണിയിലമുകളിൽ പുനർനിർമിക്കാനുള്ള വാട്ടർ ടാങ്കിന്റെ പണി പൂർത്തിയായെങ്കിലും പൈപ്പ് ലൈനിന്റെ പണി പ്രദേശവാസിയുടെ എതിർപ്പുകാരണം നടന്നില്ല. പഞ്ചായത്തിൽ ജലവിതരണം യാഥാർഥ്യമാക്കണമെങ്കിൽ കാര്യോട് മുതൽ കുറ്റിച്ചൽ വരേയും കുറ്റിച്ചൽ മുതൽ കള്ളോട് വരേയും, കുറ്റിച്ചൽ മുതൽ അരുകിൽ വരേയും, മേലേമുക്ക് മുതൽ തച്ചൻകോട് വരേയും റോഡിന്റെ ഇരുവശങ്ങളിലും പൈപ്പ് ലൈൻ സ്ഥാപിക്കണം.
പഞ്ചായത്തിലാകെ കുടിവെള്ളമെത്തിക്കാൻ രണ്ട് ടാങ്കുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിൽ വലിയവിളയിൽ 80 ശതമാനത്തോളം പണി പൂർത്തിയായി. എന്നാൽ അണിയിലമുകൾ ടാങ്കിന്റെ ജോലികളും പൈപ്പിടുന്നതിനായി സ്ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്ടറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.