ഉൾക്കടൽ യാത്രയ്ക്കിടെ യന്ത്രത്തിൽ കൈ കുടുങ്ങി വിദേശകപ്പൽ ജീവനക്കാരനു പരിക്ക്
1516030
Thursday, February 20, 2025 5:52 AM IST
വിഴിഞ്ഞം: ഉൾക്കടലിലൂടെയുള്ള യാത്രക്കിടയിൽ യന്ത്രത്തിൽ കുടുങ്ങി വിദേശ കപ്പലിലെ ജീവനക്കാരന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. കപ്പൽ വിഴിഞ്ഞം മാരിടൈം ബോർഡിന്റെ തുറമുഖത്ത് രാത്രിയിൽ അടിയന്തിര ലാൻ ഡിംഗ് നടത്തി. സിംഗപ്പൂരിൽ നിന്ന് ആഫ്രിക്കയിലെ ജിബൂട്ടിയിലേക്ക് പോവുകയായിരുന്ന സിഎംഎ സിജിഎം വിർതി എന്ന കണ്ടെയ്നർ കപ്പലിലെ ഫിറ്റർ വിഭാഗം ജീവനക്കാരനായ അദിലാകാമേശ്വര റാവു (30) വിനാണ് കൈയിൽ പരിക്കേറ്റത്.
ഇടതു കണം കൈയിൽ ആഴത്തിലേറ്റ മുറിവ് ഗുരുതരമായതോടെ അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ടുള്ള സന്ദേശം കപ്പൽ അധികൃതർ ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ വിഴിഞ്ഞം തുറമുഖ അധികൃതർക്കു നൽകിയിരുന്നു.
കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ അധികൃതർ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കുന്നതിനുള്ള നിർദേശം നൽകി. വൈകുന്നേരം ഏഴോടെ കപ്പൽ വിഴിഞ്ഞം തീരത്തു നങ്കൂരമിട്ടു.
തുടർന്ന് മാരിടൈം ബോർഡിന്റെ ടഗ്ഗായ ധ്വനിയുടെ സഹായത്തോടെ എട്ടരയോടെ കപ്പലിൽ നിന്നു ജീവനക്കാരനെ തുറമുഖ വാർഫിൽ എത്തിച്ചു.
പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഇയാളെ ആംബുലൻസിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പോർട്ട് പർസർ വിനുലാൽ, അസി. പോർട്ട് കൺസർവേറ്റർ അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പിന്തുണയുമായി ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരും രംഗത്തുണ്ടായിരുന്നു.