2023 വരെ കരം ഒടുക്കിയെങ്കിൽ തുടർന്നും വാങ്ങണം: മനുഷ്യാവകാശ കമ്മീഷൻ
1516025
Thursday, February 20, 2025 5:52 AM IST
തിരുവനന്തപുരം: 1998 ൽ വില കൊടുത്തു വാങ്ങിയ വസ്തുവിന്റെ ഭൂനികുതി 2023 വരെ ഒടുക്കിയ സാഹചര്യത്തിൽ തുടർന്നും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നെടുമങ്ങാട് തഹസിൽദാർക്ക് ഉത്തരവ് നൽകി.
കേരള ലാൻഡ് ടാക്സ് നിയമം പ്രകാരം ഭൂനികുതി സ്വീകരിക്കണമെന്നു സമാന കേസുകളിൽ ഹൈക്കോടതി വിധികളുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
പ്രഥമദ്യഷ്ട്യാ റവന്യൂ വകുപ്പിന്റെ നിലപാട് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. 1938 ൽ ഉണ്ടായ ഭൂമി ഏറ്റെടുക്കൽ രേഖകൾ പരാതികക്ഷി ഹാജരാക്കണമെന്നു പറയുന്നത് അന്യായമാണ്. ഭൂമിയിൽ കുറവുണ്ടെങ്കിൽ അതു തെളിയിക്കേണ്ട ബാധ്യത റവന്യൂ അധികൃതർക്കാണ്. പട്ടയം സംബന്ധിച്ച് തർക്കം ഉണ്ടെങ്കിൽ അതു തീരുമാനിക്കേണ്ടത് സിവിൽ കോടതിയിലാണ്. റവന്യുവകുപ്പിന് അതിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധികളുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിയെക്കുറിച്ച് നെടുമങ്ങാട് തഹസിൽദാർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. മാർച്ചിൽ കേസ് പരിഗണിക്കുന്പോൾ തഹസിൽദാർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. വാമനപുരം വില്ലേജിലുള്ള മൂന്നേ മുക്കാൽ സെന്റ് വസ്തുവിന്റെ കരം ഒടുക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചുള്ള പരാതിയിലാണ് ഉത്തരവ്.
റീസർവേയിൽ പരാതിക്കാരന്റെ സ്ഥലം പൊന്നുംവിലയ്ക്ക് സർക്കാർ എടുത്തതായി കണ്ടെത്തിയെന്നും മുൻ ആധാര കക്ഷിയിൽ നിന്നും പൊന്നുംവിലയ്ക്ക് സ്ഥലം ഏറെടുത്തിട്ടില്ലെന്ന രേഖ ഹാജരാക്കണമെന്നുമാണ് നെടുമങ്ങാട് തഹസിൽദാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വാമനപുരം സ്വദേശി വി. ജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.