വിദ്യാർഥി തൂങ്ങി മരിച്ച സംഭവം : കുടുംബത്തിന്റെ ആരോപണത്തിൽ പോലീസ് അന്വേഷണം ഊർജിതം
1516023
Thursday, February 20, 2025 5:52 AM IST
കാട്ടാക്കട: സ്കൂൾ കെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ പരുത്തിപ്പള്ളി ഗവൺമെന്റ് വിഎച്ച്എസ്എസിലെ വിദ്യാർഥി കുറ്റിച്ചൽ തച്ചൻകോട് അനിൽ ഭവനിൽ ഏബ്രഹാം ബെൻസന്റെ (16) മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന ബെൻസന് അടുത്തദിവസം തുടങ്ങിയ മോഡൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന നിരാശയാലാണ് ജീവനൊടുക്കുന്ന സാഹചര്യത്തിലേക്ക് എത്തിയതെന്ന കുടുംബത്തിന്റെ ആരോപണമാണ് അന്വേഷിക്കുന്നത്. പരീക്ഷയ്ക്ക് ഇരിക്കണമെങ്കിൽ റിക്കാർഡ് ബുക്ക് പൂർത്തിയാക്കി പ്രിൻസിപ്പലിന്റെ ഒപ്പും സീലും വേണമായിരുന്നു. എന്നാൽ, റിക്കാർഡ്് ബുക്ക് ഒപ്പിട്ട് സീൽ ചെയ്തു ലഭിച്ചിരുന്നില്ല.
സീൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ ഓഫീസിൽവച്ച് ക്ലാർക്ക് ജെ. സനലുമായി വാക്കേറ്റമുണ്ടായതായി ബന്ധുക്കളും സഹപാഠികളും ആരോപിച്ചിരുന്നു. തുടർന്ന് സ്കൂളിൽ അന്വേഷണം നടത്തിയ വിഎച്ച്എസ്ഇ കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടറുടെയും പ്രിൻസിപ്പലിന്റെയും റിപ്പോർട്ട് അനുസരിച്ച് സനലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കാട്ടാക്കട പോലീസ് കേസെടുത്തിട്ടുള്ളത്. ജെ. സനലിനെ കേസിൽ പ്രതിയാക്കാൻ കാരണമാകുന്ന ശക്തമായ തെളിവുകളോ മൊഴികളോ ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. സനലിനെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. സസ്പെൻഷനിലായശേഷം ഇയാളെക്കുറിച്ച് വിവരമില്ലെന്നും പോലീസ് പറയുന്നു.
സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ എന്നിവരിൽനിന്നുള്ള മൊഴികൾ ശേഖരിച്ചുവരുകയാണെന്നും പരീക്ഷ നടക്കുന്നതിനാലാണ് മൊഴിയെടുക്കലും അന്വേഷണവും വൈകുന്നതെന്നും ഡിവൈഎസ്പി എൻ.ഷിബു പറഞ്ഞു.