ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറി വയോധിക മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
1515818
Thursday, February 20, 2025 12:47 AM IST
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ച് കയറി വയോധികയ്ക്ക് ദാരുണാന്ത്യം. നാലുപേര്‍ക്ക് പരിക്ക്. വാമനപുരം മീതൂര്‍ വയലിക്കട ബിഎല്‍എ ഹൗസില്‍ റഹുമാ ബീവിയാണ് (84) മരിച്ചത്. അപകടത്തില്‍ കടയുടമ അമ്പിളി (54), സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലെ ഡ്രൈവര്‍ ജോയി, ബസ് കാത്ത് നില്‍ക്കുകയായിരുന്ന അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 7.45ന് കാരേറ്റ് കല്ലറ റോഡില്‍ ആറാംതാനത്തായിരുന്നു അപകടം. വാമനപുരത്ത് നിന്നും മേലാറ്റുമൂഴിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി. ഇലക്ട്രിക് ബസ് ആറാം താനത്ത് വച്ച് മേലാറ്റുമൂഴി റോഡിലേക്ക് തിരിയുന്നതിനായി വേഗം കുറച്ചു. ഈ സമയം കല്ലറ ഭാഗത്തുനിന്നും പാറയും കയറ്റി വന്ന ടോറസ് ലോറി ബസില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിയൊഴിച്ചതോടെ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയും ആശുപത്രിയിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന റഹുമാ ബീവി ഉൾപ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
ഇടിയേറ്റ് റോഡില്‍ വീണ റഹുമാ ബീവിയുടെ കാലിലൂടെ ലോറിയുടെ ടയര്‍ കയറിറങ്ങി ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെയും പരിക്കേറ്റ മറ്റുള്ളവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും റഹുമാ ബീവി ഉച്ചയോടെ മരണമടഞ്ഞു. ലോറി ഇടിച്ച് ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും തകർന്നു. കേസെടുത്ത വെഞ്ഞാറമൂട് പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.