അരുവിക്കരയിൽ വസ്ത്ര നിർമാണ പരിശീലന പരിപാടി
1515645
Wednesday, February 19, 2025 6:08 AM IST
നെടുമങ്ങാട്: അരുവിക്കര മണ്ഡലത്തിൽ വനിതാ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് വസ്ത്ര നിർമാണത്തിൽ പരിശീലനം നൽകുന്ന പരിപാടി ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആര്യനാട് പഞ്ചായത്ത് കൺവർജന്റ്സ് സെന്ററിൽ ജി. സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു.
കുടുംബശ്രീ പോലെ ദാരിദ്ര്യലഘൂകരണ പദ്ധതിയാണിതെന്നും 500 പേർക്ക് തൊഴിൽ നൽകുന്ന, ലാഭകരമായ ഒരു സൊസൈറ്റിയായി ഇതിനെ മാറ്റുമെന്നും എംഎൽഎ പറഞ്ഞു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അധ്യക്ഷത വഹിച്ചു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല, സംഘം പ്രസിഡന്റ് എൻ.എസ്. ഷാമിന, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.