കാട്ടാന ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്
1515644
Wednesday, February 19, 2025 6:08 AM IST
പാലോട്: കാട്ടാനയുടെ ആക്രമണത്തിൽ ഇരുചക്രവാഹന യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റു . ശാസ്താംനട വലിയ പുലിക്കോട് ചതുപ്പ് സ്വദേശികളായ സുധി (33), രാജീവ് (46) എന്നിവർക്കാണ് പരിക്കേറ്റത്. കുളത്തുപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ശാസ്താംനട വനാന്തര റോഡിൽ കരികുറിച്ചി പച്ച മിനിസ്റ്റിക്കയിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
വാഹനത്തിൽനിന്നും തെറിച്ചുവീണ സുധിയുടെ കാലിനു നിസാര പരിക്കേറ്റു. ഇയാളെ വനപാലകരുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. റോഡിൽവീണ സ്കൂട്ടർ ആന ആക്രമിക്കുന്നതിനിടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.
ശാസ്താം നടയിലെ വീട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാനായി വേങ്കോല്ലയിലേക്കു പോകുന്നതിനിടെയായിരുന്നു കാട്ടാന തുമ്പികൈ ഉപയോഗിച്ച് സ്കൂട്ടർ തട്ടിത്തെറിപ്പിച്ചത്. വനപാലകർ സ്ഥലത്തെത്തി തകർന്ന വാഹനം മാറ്റി. ഈ പ്രദേശങ്ങളിൽ കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ആഴ്ചയാണ് ശാസ്താംനട സ്വദേശി ബാബുവിനെ കാട്ടാന ചവിട്ടിക്കൊന്നത്.