വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ജലയാനങ്ങളിൽ മിന്നൽ പരിശോധന
1515620
Wednesday, February 19, 2025 6:01 AM IST
വിഴിഞ്ഞം: ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ജലയാനങ്ങളിൽ വിഴിഞ്ഞം പോർട്ട് ഓഫ് രജിസ് ട്രിയുടെ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ മിന്നൽ പരിശോധന.
പൂവാർ പൊഴിക്കര, നെയ്യാർ ഡാം എന്നിവിടങ്ങളിൽ നിന്നായി പിഴയിനത്തിൽ 65,000ൽപ്പരം രൂപ സർക്കാരിനു ലഭിച്ചു. നെയ്യാർ ഡാമിൽ ഡിടിപിസി, ഫോറസ്റ്റ് വിഭാഗം, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം തുടങ്ങിയവരുടെ കീഴിലുള്ള ജലയാനങ്ങളിൽ നടത്തിയ പരിശോധനയിൽ ഡിടി പിസിയുടെ ഭാഗത്തുനിന്നു വലിയ വീഴ്ച കണ്ടെത്തിയതായും അറിയുന്നു.
കട്ടപ്പുറത്ത് ഇരിക്കുന്നവക്കുപരി വിനോദ സഞ്ചാരികൾക്കായി ഓടിക്കുന്ന മൂന്നു ബോട്ടുകളിലും ലൈസൻസ് പുതുക്കാത്തതുൾപ്പെടെ വീഴ്ച കണ്ടെത്തി. നിയമാനുസൃത രേഖകൾ ഇല്ലാത്തതിന്റെ പേരിൽ വിവിധയിനങ്ങളിലായി 15000 ത്തോളം രൂപ പിഴയും ചുമത്തി. കൂടാതെ സഞ്ചാരികളുടെ ജീവനും സ്വത്തിനും ഭീഷണിയായബോട്ടു ജട്ടിയുടെ അപകടാവസ്ഥയെക്കുറിച്ച് ഉന്നതാധികാരികൾക്ക് റിപ്പോർട്ടും നൽകും.
പൂവാർ പൊഴിക്കര ഭാഗങ്ങളിലും വ്യാപക പരിശോധന നടത്തി. നിയമലംഘനം നടത്തിയ20 ഉല്ലാസ ബോട്ടുകൾ പിടികൂടി അൻപതിനായിരത്തോളം രൂപ പിഴയീടാക്കി. സുരക്ഷിതമായ ജലയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭഗങ്ങളിൽ തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്നു വിഴിഞ്ഞം പോർട്ട് ഓഫ് രജിസ്റ്റ്രിയുടെ ചുമതലയുള്ള എസ്. വിനുലാൽ പറഞ്ഞു.